24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വാതിൽപ്പടി സേവനം ആദ്യഘട്ടം സെപ്തംബറിൽ ആരംഭിക്കും – മുഖ്യമന്ത്രി
Kerala

വാതിൽപ്പടി സേവനം ആദ്യഘട്ടം സെപ്തംബറിൽ ആരംഭിക്കും – മുഖ്യമന്ത്രി

അശരണർക്കും ആലംബഹീനർക്കും കരുതൽ സ്പർശമായി സർക്കാർ പ്രഖ്യാപിച്ച ”വാതിൽപ്പടി സേവനം” പദ്ധതിയുടെ ആദ്യഘട്ടം സെപ്തംബറിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യ ഘട്ടമായി ആരംഭിക്കുക. ആദ്യഘട്ട പ്രവർത്തനാനുഭവങ്ങളുടെ വെളിച്ചത്തിൽ ഡിസംബറിൽ സംസ്ഥാന വ്യാപകമാക്കുമെന്നും പദ്ധതിയുടെ ആലോചനാ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ആജീവനാന്ത സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭ്യമാക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കൽ, സാമൂഹിക സുരക്ഷ പെൻഷൻ, അടിയന്തരാവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചുനൽകൽ, പാലിയേറ്റീവ് കെയർ തുടങ്ങിയ സേവനങ്ങളാണ് ആദ്യ ഘട്ടത്തിൽ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നത്. തുടർന്ന് മറ്റു സേവനങ്ങൾ കൂടി ഇതിന്റെ ഭാഗമാക്കും.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാർഡ് അംഗത്തിന്റെ അധ്യക്ഷതയിൽ ആശാ വർക്കർ, കുടുംബശ്രീ പ്രതിനിധി, സന്നദ്ധ സേവന വോളണ്ടിയർമാർ എന്നിവരടങ്ങുന്ന കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സേവനം ആവശ്യമായവരുമായി ബന്ധപ്പെടാനുള്ള പ്രാഥമിക ചുമതല ആശാവർക്കർമാർക്കാണ്.
സേവനം ലഭ്യമാക്കേണ്ടവർക്ക് കമ്മിറ്റി അംഗങ്ങളെ ഫോൺ മുഖേന ബന്ധപ്പെടാം. ഇതിനായി കമ്മിറ്റി അംഗങ്ങളുടെ ഫോൺ നമ്പരുകൾ അടങ്ങിയ കാർഡ് വിതരണം ചെയ്യും. അക്ഷയ കേന്ദ്രങ്ങളും സന്നദ്ധ സേവന വോളണ്ടിയർമാരും ആശാവർക്കർമാരുടെ സഹായത്തിനുണ്ടാകും.
സന്നദ്ധ സേനാംഗങ്ങളെ കണ്ടെത്താനുള്ള ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണ്. മികച്ച രീതിയിൽ പ്രവർത്തിക്കാൻ സന്നദ്ധതയുള്ള വോളണ്ടിയർമാരെ സുതാര്യമായ രീതിശാസ്ത്രം ഉപയോഗിച്ച് കണ്ടെത്തണം. എൻ എസ് എസ്, എൻ സി സി വോളണ്ടിയർമാരെ ഈ പ്രവർത്തനത്തിന്റെ ഭാഗമാക്കാവുന്നതാണ്.
ഓരോ ആളിനും ആവശ്യമായ മരുന്നുകൾ പ്രാദേശികമായി ലഭ്യമാകുമെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. പാലിയേറ്റീവ് കെയർ ആവശ്യമായവർക്ക് ഈ സേവനം ലഭ്യമാക്കാൻ ആവശ്യമായ കരുതലുകൾ ഉണ്ടാകണം. കോവിഡ് കാലത്ത് നടപ്പിലാക്കിയ രീതി ഇതിനായി തുടരാവുന്നതാണ്.
വാതിൽപ്പടി സേവന പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ അടിസ്ഥാനത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിലും നിരന്തരം അവലോകനം ചെയ്യണം. ജില്ലാ കളക്ടർമാക്കും ജില്ലാ ആസൂത്രണ സമിതിക്കും പദ്ധതിയുടെ നടത്തിപ്പിലും മോണിറ്ററിങ്ങിലും നിർണ്ണായകമായ പങ്ക് വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രായാധിക്യത്താൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത മുതിർന്ന പൗര•ാർ, ഭിന്നശേഷിക്കാർ, കിടപ്പിലായവർ തുടങ്ങി വിവിധ കാരണങ്ങളാൽ ചലന പരിമിതി അഭിമുഖീകരിക്കുന്നവർക്ക് പിന്തുണയായാണ് വാതിൽപ്പടി സേവനം പദ്ധതി പ്രഖ്യാപിച്ചത്.
യോഗത്തിൽ മന്ത്രിമാരായ എം.വി. ഗോവിന്ദൻ മാസ്റ്റർ, ഡോ. ആർ. ബിന്ദു, വീണാ ജോർജ്ജ്, എം.എൽ.എമാരായ ഐ.ബി. സതീഷ്, മുഹമ്മദ് മുഹസിൻ, കെ.വി. സുമേഷ്, ജോബ് മൈക്കിൾ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, സാമൂഹ്യ നീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related posts

കേരളീയം, ജനസദസ്സ്: സ്പോൺസർമാരെ ഇറക്കും, ചെലവ് 200 കോടി കടക്കും; ട്രഷറി നിയന്ത്രണമില്ല.

Aswathi Kottiyoor

രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ഫെബ്രുവരി 16 മുതല്‍ ഫാസ്‍ടാഗ് നിര്‍ബന്ധമാക്കി………………

Aswathi Kottiyoor

ഇ-പോസ് മെഷീനും ത്രാസുമായി ബന്ധിപ്പിക്കുന്നു, റേഷൻ തൂക്കം തെറ്റിയാൽ ബിൽ വരില്ല

Aswathi Kottiyoor
WordPress Image Lightbox