23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തടയാൻ പ്രത്യേക സംവിധാനം: മന്ത്രി
Kerala

സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തടയാൻ പ്രത്യേക സംവിധാനം: മന്ത്രി

കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നതിന് സമാനമായ തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ സഹകരണ സംഘങ്ങളിലെ ഓഡിറ്റ് സംവിധാനത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. സംസ്ഥാനത്തെ സഹകരണ ബാങ്ക് പ്രസിഡന്റുമാരുമായി നടത്തിയ ഓൺലൈൻ ആശയവിനിമയത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സഹകരണ ബാങ്കുകളിൽ ഓഡിറ്റ് നടത്തുന്നതിനായി ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കണമെന്ന് അക്കൗണ്ടന്റ് ജനറലിനോട് ചീഫ് സെക്രട്ടറി അഭ്യർത്ഥിച്ചിട്ടുണ്ട്. ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ റാങ്കിലുള്ളവരെ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർ സഹായിക്കും. സഹകരണ വകുപ്പിലെ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തും. നിലവിൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് റീജിയണൽ വിജിലൻസ് ഉദ്യോഗസ്ഥരായുള്ളത്. ഇതിനു പകരം എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കും. കൃത്യമായി പരിശോധനയും നടപടിയുമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
മൂന്ന് ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതിയായിരിക്കും ഓഡിറ്റ് നടത്തുക. ഈ സമിതിയെ നയിക്കുന്നത് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ തസ്തികയിലുള്ള ഉദ്യോഗസ്ഥനായിരിക്കും. ഭാവിയിൽ കോ-ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിംഗ് ഇൻഫർമേഷൻ സിസ്റ്റം നിലവിൽ വരും. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ ഐടി സംയോജനം ഉറപ്പാക്കാനും തീരുമാനിച്ചു. പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇപ്പോഴുണ്ടായത് പോലെയുള്ള ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കരുവന്നൂർ സഹകരണ സംഘവുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേടുകളിൽ ശക്തമായ നടപടി സ്വീകരിച്ചു. ക്രമക്കേടുകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ രണ്ട് ദിവസത്തിനകം ഭരണസമിതി പിരിച്ചു വിട്ടു. കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വന്ന് മാതൃകപരമായ ശിക്ഷ ഉറപ്പാക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുമുള്ളത്. പ്രഥമ ദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു. പൊലീസ് കേസെടുത്തു. ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നു. ഇതിനു പുറമെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം പ്രത്യേക പരിശോധന നടത്തി. ആ പരിശോധനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. മുഴുവൻ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടു വരാനുള്ള ശക്തമായ ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു. നിക്ഷേപകർക്ക് അവരുടെ നിക്ഷേപം നഷ്ടപ്പെടാതിരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ഒരു പാക്കേജ് തന്നെ സൃഷ്ടിക്കും.
കൺസ്യൂമർഫെഡ് ആരംഭിച്ച ഓണം വിപണിക്കു സമാനമായ വിപണികൾ പ്രാദേശിക തലത്തിൽ ആരംഭിക്കാനും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും സഹകരണ സംഘങ്ങൾക്ക് മന്ത്രി നിർദ്ദേശം നൽകി. പാവപ്പെട്ടവർക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ടാബും ലാപ്പ്ടോപ്പും കമ്പ്യൂട്ടറും മൊബൈൽ ഫോണുകളും വാങ്ങുന്നതിന് പലിശരഹിത വായ്പ നൽകുന്ന വിദ്യാ തരംഗിണി വായ്പാ പദ്ധതി കാര്യക്ഷമമാക്കുന്നതിനും തീരുമാനിച്ചു. സംസ്ഥാനത്ത് സഹകരണ ബാങ്കുകൾ മാത്രമാണ് ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പലിശ രഹിത വായ്പ നൽകുന്നത്.
ഓണക്കാലത്തിനു മുമ്പ് തന്നെ കെഎസ്ആർടിസി പെൻഷൻ കൊടുത്തു തീർക്കാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ക്ഷേമപെൻഷനുകളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നു. ഓണക്കാലത്തിനു മുമ്പ് വിതരണം പൂർത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

Related posts

ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

Aswathi Kottiyoor

ഭൂമിയുടെ വിവരങ്ങള്‍ 30നകം ചേര്‍ക്കണം

Aswathi Kottiyoor

തണ്ണീർത്തടങ്ങളിലെ നീർപ്പക്ഷി കണക്കെടുപ്പ്: പ്രൊപ്പോസൽ ക്ഷണിച്ചു

Aswathi Kottiyoor
WordPress Image Lightbox