Uncategorized
10 ലക്ഷം വാങ്ങിയ ശേഷം ഒരു വിവരവുമില്ല; വിദേശത്ത് പഠിക്കാൻ വിസ ശരിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്, യുവതി പിടിയിൽ
പത്തനംതിട്ട: വിസ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ. വിദേശ പഠനത്തിന് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പത്തനംതിട്ട വെച്ചുച്ചിറ സ്വദേശി രാജിയെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.
ചുനക്കര സ്വദേശിയുടെ മകൾക്ക് വിദേശ പഠനത്തിന് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് പരാതി. യുവതി താമസിച്ചിരുന്ന തിരുവല്ല കാട്ടൂക്കരയിലെ വീട്ടിൽ വച്ച് 2022 ഏപ്രിൽ 14 ന് ആദ്യം നാലര ലക്ഷം രൂപ വാങ്ങി. തുടർന്നു പലപ്പോഴായി കൂടുതൽ തുക കൈക്കലാക്കി. 10,40,288 രൂപ നൽകിയിട്ടും വിസ നൽകിയില്ല. പിന്നീട് പണം തിരികെ നൽകാതെ മുങ്ങി.
തട്ടിപ്പിനുശേഷം പല സ്ഥലങ്ങളിലും വാടക വീടുകളിലായിരുന്നു രാജിയുടെ താമസം. ഒടുവിൽ പൊലീസ് പിടിയിലായി. സമാന രീതിയിലുള്ള നാല് കേസുകളിലും ഇവർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.