യുവാവിനെ തട്ടിക്കൊണ്ടുപോയി കത്തികാട്ടി 15 ലക്ഷം കവർന്നു;ആദായനികുതി ഉദ്യോഗസ്ഥരടക്കം 4പേർ ചെന്നൈയിൽ അറസ്റ്റിൽ
ചെന്നൈ: ചെന്നൈയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം കവര്‍ന്ന സംഭവത്തിൽ പൊലീസ് സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടറും ആദായ നികുതി വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും അറസ്റ്റിലായി. സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ രാജസിങ്, ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരായ ദാമോദരൻ, പ്രഭു, പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്.
സിടി സ്കാനിങ് സെന്‍റര്‍ ജീവനക്കാരനിൽ നിന്നാണ് ഇവര്‍ 15 ലക്ഷം രൂപ തട്ടിയെടുത്തത്. വാഹന പരിശോധനക്കിടെയാണ് സ്കാനിങ് സെന്‍റര്‍ ജീവനക്കാരന്‍റെ കൈവശം 15 ലക്ഷം രൂപ കണ്ടെത്തിയത്. സ്പെഷ്യൽ സബ് ഇന്‍സ്പെക്ടര്‍ ആണ് പരിശോധന നടത്തിയത്. പണം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥൻ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടര്‍ന്ന് പണവുമായി കാറിൽ കയറാൻ യുവാവിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ചെന്നൈ എഗ്മൂരിൽ എത്തിയപ്പോള്‍ കത്തി കാട്ടി പണം വാങ്ങിയശേഷം യുവാവിനെ ഇറക്കിവിടുകയായിരുന്നു. സംഭവത്തിൽ സ്കാനിങ് സെന്‍റര്‍ ഉടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടറും ആദായ നികുതി വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും അറസ്റ്റിലായത്.