സിപിഐയ്ക്ക് മുൻ വർഷത്തെ അപേക്ഷിച്ച് മെമ്പർഷിപ്പിൽ കുറവ്; ഏറ്റവും കൂടുതൽ അംഗങ്ങൾ കൊല്ലത്ത്, കുറവ് വയനാട്ടിൽ

ആലപ്പുഴ: മുൻവർഷങ്ങളെ അപേക്ഷിച്ച് സിപിഐയുടെ സംസ്ഥാനത്തെ മെമ്പർഷിപ്പിൽ കുറവുണ്ടായതായി സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട്. 2022ൽ പൂർണ്ണ മെമ്പർമാരും കാൻഡിഡേറ്റ് അംഗങ്ങളും അടക്കം സിപിഐയുടെ ആകെ മെമ്പർഷിപ്പ് 1,77,122 ആയിരുന്നു. 2023ൽ ഇത് 1,79,625 ആയി വർദ്ധിച്ചിരുന്നു. എന്നാൽ 2024ൽ പാർട്ടി മെമ്പർഷിപ്പ് 1,63,572 ആയി കുറഞ്ഞെന്നാണ് സിപിഐയുടെ പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2024ലെ മെമ്പർഷിപ്പ് പ്രകാരം സിപിഐയ്ക്ക് ഏറ്റവും കുടുതൽ അംഗത്വമുള്ളത് കൊല്ലം ജില്ലയിലാണ്. 32,176 അംഗങ്ങളാണ് ഇവിടെ സിപിഐയ്ക്കുള്ളത്. തിരുവനന്തപുരം 20,878, ആലപ്പുഴ18,845, തൃശ്ശൂർ 17,827 എറണാകുളം 13,048, ഇടുക്കി 11.589, കോട്ടയം 10,810 എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ മെമ്പർഷിപ്പുള്ള ജില്ലകൾ തിരിച്ചുള്ള കണക്ക്. ഏറ്റവും കുറവ് മെമ്പർഷിപ്പ് വയനാട് ജില്ലയിലാണ്. 2,402 അംഗങ്ങളാണ് വയനാട്ടിൽ സിപിഐയ്ക്കുള്ളത്. 2025ലെ മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സ്ക്രൂട്ടിണി പൂർത്തിയായി വരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025ൽ മെമ്പർഷിപ്പ് 167166 ആണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
2022ൽ സിപിഐയ്ക്ക് സംസ്ഥാനത്ത് 11,325 ബ്രാഞ്ചുകൾ ഉണ്ടായിരുന്നത് 2024ൽ 11,149 ആയി കുറഞ്ഞെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. 2022ൽ 1,144 ലോക്കൽ കമ്മിറ്റികളും 180 മണ്ഡലം കമ്മിറ്റികളും സിപിഐയ്ക്ക് ഉണ്ടായിരുന്നു. 2024ൽ 1,275 ലോക്കൽ കമ്മിറ്റികളും 182 മണ്ഡലം കമ്മിറ്റികളും ഉണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 1,1149 ബ്രാഞ്ച് സമ്മേളനങ്ങളും 1,275 ലോക്കൽ സമ്മേളനങ്ങളും 182 മണ്ഡലം സമ്മേളനങ്ങളും 14 ജില്ലാ സമ്മേളനങ്ങളും പൂർത്തിയായെന്ന് റിപ്പോർട്ടിൽ പറയുന്നു. 5 മണ്ഡലം സമ്മേളനങ്ങളിൽ സമവായശ്രമം പൂർണ്ണമായും വിജയിക്കാതെ പോയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.




