24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പാവപ്പെട്ട കുട്ടികൾക്ക് ലാപ്ടോപ്,1000 കോടി ചെലവിടും; 3 മാസത്തിനകം ലഭിക്കും
Kerala

പാവപ്പെട്ട കുട്ടികൾക്ക് ലാപ്ടോപ്,1000 കോടി ചെലവിടും; 3 മാസത്തിനകം ലഭിക്കും

പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് 1000 കോടിയോളം രൂപ ചെലവിൽ ഡിജിറ്റൽ പഠനസൗകര്യം സർക്കാർ ഉറപ്പാക്കും . മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വിദ്യാകിരണം പദ്ധതി വഴി 14 ജില്ലകളിലെ 4.71 ലക്ഷം കുട്ടികൾക്ക് ലാപ്ടോപ് നൽകാനാണു ലക്ഷ്യമിടുന്നത്. ഒരു ലാപ്ടോപ്പിന് ശരാശരി 20000 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ലാപ്ടോപ്പുകൾക്കുള്ള ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കും. 3 മാസത്തിനകം ലാപ്ടോപ്പുകൾ കുട്ടികൾക്ക് എത്തിക്കും.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാതൃകയിൽ ചീഫ് മിനിസ്റ്റേഴ്സ് എജ്യുക്കേഷനൽ എംപവർ ഫണ്ട് വഴി പരമാവധി തുക സമാഹരിക്കും. തുക തികയാതെ വരികയാണെങ്കിൽ സർക്കാർ തന്നെ വഹിക്കും. സംഘടനകൾ, പ്രവാസി മലയാളികൾ, കോർപറേറ്റ് കമ്പനികൾ ഉൾപ്പെടെയുള്ളവരുടെ പിന്തുണ സർക്കാർ തേടും. സാധാരണക്കാർക്ക് 100 രൂപ മുതൽ നൽകി പദ്ധതിയിൽ പങ്കാളികളാകാം.

സർക്കാർ നിശ്ചയിച്ച സ്പെസിഫിക്കേഷൻ അടിസ്ഥാനമാക്കി ഗുണനിലവാരം തെളിയിച്ച ബ്രാൻഡുകളായിരിക്കും വാങ്ങുക. നിശ്ചിത സമയത്തിനകം വിതരണം ചെയ്യാമെന്ന് ഉറപ്പു നൽകുന്ന ടെൻഡറുകൾ മാത്രമേ സ്വീകരിക്കൂ. കെഎസ്എഫ്ഇ ചിട്ടി വഴി നടപ്പാക്കിയ വിദ്യാശ്രീ ലാപ്ടോപ് വിതരണ പദ്ധതി , ടെൻഡർ നൽകിയ കമ്പനികൾ കൃത്യസമയത്തു വിതരണം ചെയ്യാത്തതിനെത്തുടർന്ന് താളം തെറ്റിയ പശ്ചാത്തലത്തിലാണിത്. ദുരുപയോഗം തടയാനുള്ള സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ ഉൾപ്പെടുത്തിയ ശേഷമാകും ലാപ്ടോപ്പുകൾ കൈമാറുക.

4.71 ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ സൗകര്യമില്ല

സർക്കാർ നടത്തിയ സർവേയിൽ സംസ്ഥാനത്തെ 14489 സ്കൂളുകളിലായി 471596 കുട്ടികൾക്ക് സ്വന്തമായി ഡിജിറ്റൽ ഉപകരണങ്ങളില്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്. പാലക്കാട് (113486), മലപ്പുറം (91887), തൃശൂർ (65255) ജില്ലകളിലാണ് കൂടുതൽ കുട്ടികൾ.

മറ്റു ജില്ലകളിലെ കണക്ക്: തിരുവനന്തപുരം 11899, കൊല്ലം 17054, പത്തനംതിട്ട 6561, ആലപ്പുഴ 18944, കോട്ടയം 13313, ഇടുക്കി 10732, എറണാകുളം 22615, കോഴിക്കോട് 36702, വയനാട് 6423, കണ്ണൂർ 12208, കാസർകോട് 44517.

Related posts

സംസ്ഥാനത്ത് ഇനി വളര്‍ത്തുനായക്ക് ലൈസന്‍സും വാക്സിനേഷനും നിര്‍ബന്ധം

Aswathi Kottiyoor

ഏപ്രിൽ ഒന്നു മുതൽ സിഗരറ്റ് വില ഉയരും ‘, പുകയില ഉൽപ്പന്നങ്ങളുടെ ജി എസ് ടി നിരക്കും പുതിയ വിലയും അറിയാം.

Aswathi Kottiyoor

വ്യാജ വാർത്തകളെ പ്രതിരോധിക്കൽ: 19.72 ലക്ഷം കുട്ടികൾക്ക് കൈറ്റ് ഡിജിറ്റൽ മീഡിയ ലിറ്ററസി പരിശീലനം നൽകി

Aswathi Kottiyoor
WordPress Image Lightbox