‘പരസ്യ പ്രതിഷേധങ്ങൾ കലോത്സവത്തിന്റെ അന്തസിന് നിരക്കാത്തത്; എല്ലാവർക്കും സമ്മാനം കിട്ടണം എന്നില്ലല്ലോ’; വി ശിവൻകുട്ടി
പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസിനു നിരക്കാത്തതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജനുവരി 4 മുതൽ 8 വരെയാണ് കലോത്സവം നടക്കുക. കലോത്സവവുമായി ബന്ധപ്പെട്ട് ചില അനാരോഗ്യ വിഷയങ്ങൾ ഉണ്ടായി. ജഡ്‌ജ്‌മെന്റ് വിഷയവുമായി ബന്ധപ്പെട്ട് ജഡ്ജിമാരെ തടഞ്ഞു വെക്കുന്ന പ്രവണത ഉണ്ടാകുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ചില അധ്യാപകരും ഇതിനു കൂട്ടു നിൽക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.ജഡ്ജ്മെന്റുമായി ബന്ധപ്പെട്ട പരാതി ഉണ്ടെങ്കിൽ അപ്പീൽ നൽകാൻ സംവിധാനം ഉണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കലോത്സവ മാനദണ്ഡങ്ങൾ അനുസരിച്ച് പെരുമാറാൻ വിദ്യാർത്ഥികളും അധ്യാപകരും തയ്യാറാവണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ഒരു സ്കൂളിലെ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം ഡിഡിഇ ഓഫീസ് ഉപരോധിച്ചു. കലോത്സവത്തിൽ വിജയിച്ചാൽ നല്ല ജഡ്ജസ് ഇല്ലെങ്കിൽ കൊള്ളില്ല എന്ന സമീപനം ശരിയല്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.