26.1 C
Iritty, IN
November 22, 2024
  • Home
  • Iritty
  • റോഡരികിലെ കൃഷിയിടത്തിൽ പൊത്ത് നിർമ്മിച്ച് കാട്ടുപന്നിക്ക് സുഖപ്രസവം – പന്നിക്കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് വനപാലകർ
Iritty

റോഡരികിലെ കൃഷിയിടത്തിൽ പൊത്ത് നിർമ്മിച്ച് കാട്ടുപന്നിക്ക് സുഖപ്രസവം – പന്നിക്കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് വനപാലകർ

ഇരിട്ടി: രാപ്പകൽ വാഹനങ്ങൾ ഓടുന്ന റോഡരികിലെ വീട്ടുപറമ്പിലെ കൃഷിയിടത്തിൽ കാട്ടുപന്നിക്ക് സുഖപ്രസവം . കമുകിൻ ഓലയും വാഴയിലയും കൊണ്ടുണ്ടാക്കിയ പൊത്തിൽ പിറന്നത് ഏഴ് കുഞ്ഞുങ്ങൾ.
കീഴ്പ്പള്ളി – വെളിമാനം റോഡിൽ വളയാങ്കോടിന് സമീപമുള്ള കദളിക്കുന്നേൽ ജോസിന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിലാണ് കാട്ടു പന്നി പൊത്തുണ്ടാക്കി പ്രസവിച്ചത്. ജനവാസ മേഖലയിൽ നിരന്തരം ജനങ്ങൾ നടന്ന് പോവുകയും വാഹനങ്ങൾ കടന്നു പോവുകയും ചെയ്യുന്ന റോഡിനോട് ചേർന്ന സ്ഥലത്ത് പൊത്ത് നിർമ്മിക്കുകയും പ്രസവിക്കുകയും ചെയ്തത് നാട്ടുകാരിൽ കൗതുകവും അതിനൊപ്പം ആശങ്കയും ഉണ്ടാക്കി.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ഫോറസ്റ്റർ എൻ.ടി. സുധാകരന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പന്നി കുട്ടികളെ എടുത്ത് വനം വകുപ്പിന്റെ ഓഫീസിൽ സംരക്ഷണത്തിലാക്കി. തള്ളപ്പന്നി നാട്ടുകാരെ കണ്ട് ഭയന്നോടിയതിനാലും പൊത്ത് നാട്ടുകാർ നീക്കിയതിനാലും രണ്ട് ദിവസം മാത്രം പ്രായമായ കുഞ്ഞുങ്ങളുടെ സംരക്ഷണം വനം വകുപ്പ് ഏറ്റെടുക്കുകയായിരുന്നു.
കദളിക്കുന്നേൽ ജോസിന്റെ വീട്ടു പറമ്പിലെ ഒന്നര വർഷത്തോളം പ്രായമായ 20 തോളം കമുങ്ങിൻ തൈകൾ കൊത്തിയെടുത്ത് കൂട്ടിയിട്ട നിലയിൽ ചൊവ്വാഴ്ച കണ്ടതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. കുറേ കമുങ്ങിൻെ തൊലി ചെത്തിയെടുത്ത നിലയിലും ചെറിയ വാഴകൾ നശിപ്പിച്ച നിലയിലുമായിരുന്നു . ആരോ പറമ്പിൽ അതിക്രമിച്ചു കയറി നാശം വരുത്തിയതാണെന്ന് കരുതി വീട്ടുകാർ കൃഷി ഭവനിൽ പരാതി നൽകി. ആറളം കൃഷി ഓഫീസർ കോകില സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ പന്നിയുടെ കാൽപ്പാടുകൾ കണ്ടു. പന്നി നശിപ്പിച്ചതാകാമെന്നും നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകാനും പറഞ്ഞ് തിരിച്ചു പോയി. കൂട്ടിയിട്ട കമുങ്ങിൻ പട്ടയും വാഴയിലയും വൈകിട്ടോടെ നീക്കുന്നതിനിടയിൽ പൊത്തിനുള്ളിൽ നിന്നും കൂറ്റൻ പന്നി പുറത്തേക്ക് ചാടി. ഇതിനിടയിൽ ജോസിന്റെ കാലിന് സാരമായി പന്നിയുടെ കുത്തേൽക്കുകയും ചെയ്തു . തിങ്കളാഴ്ച്ച രാവിലെ പൊത്തിനുള്ളിൽ നിന്നും രണ്ട് പന്നിക്കുട്ടികൾ പുറത്തേക്ക് വന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു . കാട്ടു പന്നി റോഡരികിൽ പ്രസവിച്ചതായുള്ള വിവരം അറിഞ്ഞതോടെ പ്രദേശത്തു നിന്നും കൂടുതൽ ആളുകളും സ്ഥലത്തെത്തി. വനം വകുപ്പിനേയും വിവരം അറിയിച്ചു. വനം വകുപ്പ് അധികൃതർ എത്തുന്നതിന് മുൻപ് കാണാനെത്തിയവരിൽ ആരോ പൊത്തിനുള്ളിലേക്ക് കല്ല് എറിഞ്ഞതോടെ കുറ്റൻ പന്നി അലർച്ചയുണ്ടാക്കി ചാടി രക്ഷപ്പെട്ടു. തള്ള പന്നി പോയതോടെ പൊത്തിനുള്ളിൽ നിന്നും പന്നി കുഞ്ഞുങ്ങൾ പുറത്തേക്ക് വന്നു. കാണാനെത്തിയവരിൽ ചിലർ പൊത്തു നീക്കിയപ്പോൾ ഏഴോളം കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു.
സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതർ പ്രസവിച്ച സ്ഥലത്തു തന്നെ തള്ളപ്പന്നിയേയും കുട്ടികളേയും സംരക്ഷിക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞു. തള്ളപ്പന്നി ഓടി പോയതിനാലും പൊത്ത് നീക്കി കളഞ്ഞതുകൊണ്ടും കുട്ടികളുടെ സംരക്ഷണം വനം വകുപ്പ് ഏറ്റെടുക്കുകയായിരുന്നു.

Related posts

അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിക്ക് തുടക്കം

Aswathi Kottiyoor

വള്ളിത്തോട് വൈദ്യുതി സെക്ഷൻ ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം തിങ്കളാഴ്ച

Aswathi Kottiyoor

ആറളത്തെ കോൺഗ്രസ് ഭവൻ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox