24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കൊട്ടിയൂർ പീഡനക്കേസ് ;റോബിന്‍ വടക്കുംചേരിക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടി സുപ്രീംകോടതിയില്‍
Kerala

കൊട്ടിയൂർ പീഡനക്കേസ് ;റോബിന്‍ വടക്കുംചേരിക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടി സുപ്രീംകോടതിയില്‍

കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി ഇരയായ പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് പെണ്‍കുട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ ആവശ്യം ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് തിങ്കളാഴ്‌ച്ച പരിഗണിക്കും.

ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് ഇരയായ പെണ്‍കുട്ടി നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയേയും കുഞ്ഞിനെയും സംരക്ഷിച്ചുകൊള്ളാമെന്ന് റോബിന്‍ വടക്കുംചേരിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കും കുഞ്ഞിനും റോബിന്‍ വടക്കുംചേരിക്ക് ഒപ്പം താമസിക്കാന്‍ അവസരം ഒരുക്കണമെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹത്തിനായി റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണം എന്നതാണ് ഹര്‍ജിയിലെ മറ്റൊരു ആവശ്യം. അഭിഭാഷകന്‍ അലക്‌സ് ജോസഫാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

സുപ്രീംകോടതിയുടെ മുന്‍വിധിന്യായങ്ങളുടെ അടിസ്ഥാനത്തില്‍ ലൈംഗിക അതിക്രമക്കേസുകളില്‍ ഒത്തുതീര്‍പ്പുകളോ അയഞ്ഞ സമീപനമോ സ്വീകരിക്കാനാകില്ലെന്ന് റോബിന്‍ വടക്കുംചേരിയുടെ ആവശ്യം തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സംഭവം നടക്കുമ്ബോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നെന്നാണ് വിചാരണക്കോടതി കണ്ടെത്തിയത്. വിവാഹത്തിന് നിയമപരമായ പവിത്രത നല്‍കുന്നത് കേസിലെ പ്രധാനവിഷയത്തില്‍ മുന്‍കൂര്‍ തീരുമാനം എടുത്തതിന് തുല്യമാകുമെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.

ഹൈക്കോടതി വിധി മറികടക്കുന്നതിന് വേണ്ടി പെണ്‍കുട്ടിയെ കൊണ്ട് മറ്റുചില ഉന്നതര്‍ ഹര്‍ജി കൊടുപ്പിക്കുകയായിരുന്നെന്ന ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്. സഭയില്‍ ഉന്നതസ്ഥാനം വഹിക്കുന്ന പലരുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്ന റോബിന് സഭയില്‍ ശക്തമായ സ്വാധീനമാണുള്ളത്. റോബിനെ പുറത്തിറക്കാനുള്ള തന്ത്രമായാണ് ഈ ഹര്‍ജിയെ പ്രോസിക്യൂഷന്‍ കാണുന്നത്.

കൊട്ടിയൂര്‍ പീഡന കേസില്‍ റോബിന്‍ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വര്‍ഷത്തെ കഠിനതടവ് ആണ് തലശേരി പോക്‌സോ കോടതി വിധിച്ചത്. എന്നാല്‍ മൂന്നുശിക്ഷയും ഒരുമിച്ച്‌ 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതി. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ശിക്ഷ വിധിച്ചപ്പോള്‍ കോടതി നിരീക്ഷിച്ചത് ഇങ്ങനെ:

‘സംരക്ഷകനാകേണ്ടയാള്‍ ഇങ്ങനെ പീഡകനാവുന്നത് ഞെട്ടിപ്പിക്കുന്നതാണ്. അധികാരസ്ഥാനമുപയോഗിച്ച്‌ വൈദികന്‍ പെണ്‍കുട്ടിയോട് കാണിച്ചത് പീഡനം തന്നെയാണ്. ഇത് അനുവദിക്കാനാകില്ല. അതിനാലാണ് കടുത്ത ശിക്ഷ വിധിക്കുന്നത്.’ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഉഭയസമ്മതപ്രകാരമാണെങ്കിലും സൂക്ഷിച്ച ബന്ധം ബലാത്സംഗമാണെന്ന് ഊട്ടിയുറപ്പിക്കുന്നതാണ് കോടതിവിധി.

പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ മാനേജരായിരുന്നു ഫാദര്‍ റോബിന്‍ വടക്കുംചേരി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്ധ്യാത്മികകാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും വേദപാഠം പഠിപ്പിക്കുകയും കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ നല്‍കുകയും ചെയ്തിരുന്ന ഫാദര്‍ റോബിന്‍ വടക്കുംചേരി, ആ വഴിയാണ് പെണ്‍കുട്ടിയുമായി അടുക്കുന്നത്. പള്ളിമേടയില്‍ സ്ഥിരമായി എത്തുമായിരുന്ന പെണ്‍കുട്ടിയെ വൈദികന്‍ അധികാരസ്ഥാനമുപയോഗിച്ചാണ് ബലാത്സംഗം ചെയ്യുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും പ്രസവിക്കുകയും ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കടത്താനും കേസ് ഒതുക്കാനും ശ്രമിച്ചവരും കേസില്‍ പ്രതികളായി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലും വൈദികനെ സംരക്ഷിക്കുന്ന മൊഴിയാണ് നല്‍കിയത്.

വൈദികനെയും, കുഞ്ഞിനെ ഒളിപ്പിക്കാന്‍ ശ്രമിച്ച വയനാട് ശിശുക്ഷേമ സമിതിയിലെയും അനാഥാലയത്തിലെയും കന്യാസ്ത്രീകളെയും, രക്ഷിക്കാന്‍ പ്രതിഭാഗം എല്ലാ ശ്രമങ്ങളും നടത്തിയ കേസിലാണ് റോബിന്‍ വടക്കുംചേരിക്ക് ശിക്ഷ ലഭിച്ചത്. വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളില്‍ സുപ്രീം കോടതി വരെ ഞെട്ടല്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Related posts

45 ലക്ഷത്തോളം രൂപ പിഴ ചുമത്തി വാഹന പരിശോധന ശക്തമാക്കി: ജൂണിൽ 2,474 കേസ്

Aswathi Kottiyoor

കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ 21ന്

Aswathi Kottiyoor

70%വരെ മരുന്നുകൾക്ക് വിലകുറയും; പ്രഖ്യാപനം ഓഗസ്റ്റ് 15നെന്ന് സൂചന

Aswathi Kottiyoor
WordPress Image Lightbox