എസി അജിത്തിന് വിനീതിനോട് വൈരാഗ്യം, സുഹൃത്തിൻ്റെ മരണം ചോദ്യം ചെയ്തത് കാരണമായി; സഹപ്രവർത്തകരുടെ മൊഴി പുറത്ത്
മലപ്പുറം: എസ്ഒജി കമാൻഡോ വിനീത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്യാമ്പിലെ കമാൻഡോകൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇവരുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നു. എസി അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് അംഗങ്ങളുടെ മൊഴിയിൽ പറയുന്നത്. എസി അജിത്തിന് വിനീതിനോടുള്ള വ്യക്തിവൈരാഗ്യത്തിന് കാരണം സുഹൃത്തിന്റെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്തതാണെന്നും മൊഴിയിൽ പറയുന്നു.
2021 സെപ്റ്റംബർ 16 നാണ് വിനീതിന്റെ സുഹൃത്ത് സുനീഷ് മരിക്കുന്നത്. വയനാട് സ്വദേശിയായ സുനീഷ് മരിച്ചത് എസ്ഒജി ക്യാമ്പിലെ ട്രെയിനിങ്ങിനിടെയായിരുന്നു. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് ആരോപണം ഉയർന്നിരുന്നു. സഹപ്രവർത്തകർ സുനീഷിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും എസി അജിത്ത് സമ്മതിച്ചില്ല. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സുനീഷിന്റെ ജീവൻ നഷ്ടമായിരുന്നു. സുനീഷിന്റെ മരണത്തിൽ എസി അജിത്തിനെതിരെ വിനീത് ശബ്ദമുയർത്തി. ഈ സംഭവത്തെ തുടർന്നാണ് അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യമുണ്ടായതെന്നും ഉദ്യോഗസ്ഥരുടെ മൊഴിയിൽ പറയുന്നു. വിനീതിന്റെ ആത്‍മഹത്യക്ക് കാരണം ഉദ്യോഗസ്ഥ പീഡനം തന്നെയാണെന്നും ഉറപ്പിക്കുന്നതാണ് സഹപ്രവർത്തകരുടെ മൊഴി.
അരീക്കോട് സായുധ പൊലീസ് ക്യാമ്പിലാണ് പൊലീസുകാരനായ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. വയനാട് സ്വദേശിയായിരുന്നു വിനീത്. തണ്ടർബോൾട്ട് കമാൻഡോ ആയിരുന്നു വിനീതിന് 33 വയസ്സായിരുന്നു. 45 ദിവസത്തോളം വിനീത് അവധി ലഭിക്കാതെ ജോലി ചെയ്തിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നു. അവധി ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും നൽകിയില്ല എന്നായിരുന്നു വിവരം. ഇതിനിടയിലാണ് എസി അജിത്തിനെതിരെ സഹപ്രവർത്തകർ മൊഴി നൽകിയിരിക്കുന്നത്.