25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • സംസ്ഥാനത്ത്‌ 36.95 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ്‌ വാക്‌സിൻ നൽകി; രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം.
Kerala

സംസ്ഥാനത്ത്‌ 36.95 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ്‌ വാക്‌സിൻ നൽകി; രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം.

സംസ്ഥാനത്ത്‌ 36.95 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.01 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയെന്ന്‌ മന്ത്രി വീണാ ജോർജ്ജ്‌. ഇന്ത്യയില്‍ 130 കോടി ജനങ്ങളില്‍ 33,82,81,418 പേര്‍ക്ക് ഒന്നാം ഡോസും 9,18,07,558 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ 43,00,88,976 ഡോസ് വാക്‌സിനാണ് ജൂലൈ 25 തീയതി രാത്രി 8.00 വരെ നല്‍കിയത്. അതായത് ജനസംഖ്യാടിസ്ഥാനത്തില്‍ 26.02 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 7.06 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ 3.51 കോടിയാണ്. ജൂലൈ 25 വരെ 1,29,69,475 പേര്‍ക്ക് ഒന്നാം ഡോസും 56,21,752 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. അതായത് 36.95 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.01 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ് – സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും (MOHFW), കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട ദേശീയ വിദഗ്ധ സമിതിയും (NEGVAC) കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുകളും പ്രകാരമാണ് ഘട്ടം ഘട്ടമായി വിവിധ മുന്‍ഗണനാ ഗ്രൂപ്പുകളെ വാക്‌സിനേഷന്‍ നടത്തുന്നതിനായി ഡ്രൈവില്‍ ഉള്‍പ്പെടുത്തിവരുന്നത്.

2021 ജനുവരി 16 മുതലാണ് സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രി ജീവനക്കാര്‍, ഫീല്‍ഡ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയത്.

സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരില്‍ ഏകദേശം 100 ശതമാനം പേരും (5,48,297) ഒന്നാം ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. ജൂലൈ 25 വരെയുള്ള കണക്കനുസരിച്ച് 82 ശതമാനം പേര്‍ (4,49,949) രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. രണ്ടാം ഡോസ് എടുക്കുന്നതിന് 12 ആഴ്ചയുടെ കാലാവധി ഉള്ളതിനാലാണ് രണ്ടാം ഡോസ് 100 ശതമാനം പേര്‍ക്കും എടുക്കാന്‍ സാധിക്കാത്തത്.

കോവിഡ് മുന്‍ഗണനാ വിഭാഗത്തിലുള്ള മുന്നണി പോരാളികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ഫെബ്രുവരി ഒന്നിന് ആരംഭിച്ചു. മുന്നണി പോരാളികളില്‍ ഏകദേശം 100 ശതമാനം പേരും (5,61,628) ഒന്നാം ഡോസ് വാക്‌സിന്‍ 2021 ജൂലൈ 25 തിയതി വരെ എടുത്തിട്ടുണ്ട്. 82 ശതമാനം പേര്‍ (4,61,953) രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. രണ്ടാം ഡോസ് എടുക്കുന്നതിന് 12 ആഴ്ചയുടെ കാലാവധി ഉള്ളതിനാലാണ് രണ്ടാം ഡോസ് 100 ശതമാനം പേര്‍ക്കും എടുക്കാന്‍ സാധിക്കാത്തത്.

18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള വിഭാഗത്തില്‍ 21 ശതമാനം പേര്‍ക്ക് (31,56,766) ഒന്നാം ഡോസ് ലഭിച്ചിട്ടുണ്ട്. ഒന്നാം ഡോസ് ലഭിച്ചിട്ട് 12 ആഴ്ചയ്ക്ക് ശേഷമാണ് ഇവര്‍ക്ക് രണ്ടാം ഡോസ് ലഭിക്കുന്നത്. അതിനാല്‍ 2,64,708 പേര്‍ക്കാണ് രണ്ടാം ഡോസ് എടുക്കാനായത്.

18 മുതല്‍ 45 വയസ് പ്രായമുള്ളവരില്‍ ആദ്യഘട്ടത്തില്‍ മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കുമാണ് വാക്‌സിനേഷന്‍ നല്‍കിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ജൂണ്‍ 21-ാം തീയതി മുതലാണ് 18 മുതല്‍ 45 വയസ് പ്രായമുള്ള എല്ലാവരും വാക്‌സിനേഷന്‍ ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.

45 വയസിന് മുകളിലുള്ള 76 ശതമാനം പേര്‍ക്ക് (87,02,784) ഒന്നാം ഡോസും 39 ശതമാനം പേര്‍ക്ക് (44,45,142) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

വാക്‌സിനേഷന്‍ സംബന്ധിക്കുന്ന വിവരങ്ങള്‍ ദിവസവും പ്രസിദ്ധീകരിക്കുന്ന കോവിഡ് വാക്‌സിനേഷന്‍ ബുള്ളറ്റിന്‍ ലഭ്യമാണ്. ഈ ബുള്ളറ്റിന്‍ എല്ലാ ദിവസവും ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. ഇതുപോലെ 18-ാം തീയതി മുതല്‍ 24-ാം തീയതി വരെയുള്ള ഒരാഴ്ച ആകെ 18 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച 3.55 ലക്ഷം പേര്‍ക്കും, ചൊവ്വാഴ്ച 2.7 ലക്ഷം പേര്‍ക്കും, വ്യാഴാഴ്ച 2.8 ലക്ഷം പേര്‍ക്കും, വെള്ളിയാഴ്ച 2.66 ലക്ഷം പേര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് (2021 ജൂലൈ 24) സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കിയത്. 4.88 ലക്ഷം പേര്‍ക്കാണ് ഒരു ദിവസം കൊണ്ട് വാക്‌സിന്‍ നല്‍കിയത്. ഇതോടെ ഒരു ദിവസം നാലര ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് സംസ്ഥാനം തെളിയിച്ചിരിക്കുകയാണ്. കൂടാതെ ഞായറാഴ്ച 1.26 ലക്ഷം പേര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

പ്രസ്തുത കണക്കില്‍ സ്വകാര്യ ആശുപത്രികള്‍, വാക്‌സിന്‍ കമ്പനികളില്‍ നിന്നും നേരിട്ടുവാങ്ങി വാക്‌സിനേഷന്‍ നടത്തുന്ന കണക്കുകള്‍ കൂടി ഉള്‍പ്പെടും.

കേരളം വളരെ കാര്യക്ഷമമായാണ് വാക്‌സിന്‍ നല്‍കുന്നത്. തുള്ളി പോലും പാഴാക്കാതെ കിട്ടിയ ഡോസിനെക്കാളും അധികം ഡോസ് വാക്‌സിനെടുക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ കാര്യമാണ്. വാക്‌സിന്‍ സംസ്ഥാനത്തെത്തിയാല്‍ എത്രയും വേഗം താഴെതട്ടിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാന്‍ വിപുലമായ സംവിധാനമാണൊരുക്കിയിട്ടുള്ളത്. കുറഞ്ഞ അളവില്‍ വാക്‌സിന്‍ എത്തുന്നതിനാല്‍ വേണ്ടത്ര സ്ലോട്ടുകള്‍ നല്‍കാന്‍ കഴിയുന്നില്ല. കിട്ടുന്ന വാക്‌സിനാകട്ടെ പരമാവധി രണ്ട് ദിവസത്തിനകം തീരുന്നതാണ്. അതിനാലാണ് സംസ്ഥാനം കൂടുതല്‍ വാക്‌സിന്‍ ഒരുമിച്ച് ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വാക്‌സിന്‍ ഒരുമിച്ച് അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്‌സിനേഷന്‍ അനിശ്ചിതത്തിലാകും.

സംസ്ഥാനത്ത് ഇതുവരെ 1,66,03,860 ഡോസ് വാക്‌സിനാണ് ലഭ്യമായത്. പ്രതിദിനം 1200 ലധികം കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ സര്‍ക്കാര്‍ക്കാര്‍ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് അകെ നല്‍കിയ വാക്‌സിനുകളില്‍ 52 ശതമാനം സ്ത്രീകള്‍ക്കും 48 ശതമാനം പുരുഷന്മാര്‍ക്കും ആണ് ലഭ്യമായത്.

സംസ്ഥാനത്തെ ഗര്‍ഭിണികള്‍ക്കും കോവിഡ്-19 വാക്‌സിന്‍ നല്‍കി വരുന്നു. പലതരം പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ‘മാതൃകവചം’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് കാമ്പയിന്‍ ആരംഭിച്ചത്. നിലവില്‍ രാജ്യത്ത് നല്‍കിക്കൊണ്ടിരിക്കുന്ന കോവീഷീല്‍ഡോ, കോവാക്‌സിനോ ഇവര്‍ക്ക് ഇഷ്ടാനുസരണം സ്വീകരിക്കാവുന്നതാണ്. ഗര്‍ഭാവസ്ഥയുടെ ഏത് കാലയളവിലും വാക്‌സിന്‍ സ്വീകരിക്കാം. ഇതുകൂടാതെ മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏത് കാലയളവിലും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു.

കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ രാജ്യങ്ങളില്‍ പോകുന്ന വിദ്യാര്‍ത്ഥികളെയും മറ്റുള്ളവരെയും മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിനേഷന്‍ നല്‍കി വരുന്നു.

ട്രൈബല്‍ വിഭാഗത്തിന് പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാന്‍ ജില്ലകളില്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഇതുവരെ 18 വയസിന് മുകളിലുള്ള ട്രൈബല്‍ വിഭാഗത്തില്‍ 59 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. രണ്ടാം ഡോസ് 10 ശതമാനം പേര്‍ക്കും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തുള്ള വയോജന കേന്ദ്രങ്ങളിലെ 97 ശതമാനം അന്തേവാസികള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. 25 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ വിവിധ ജില്ലകളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ഇതുകൂടാതെ കിടപ്പ് രോഗികള്‍ക്ക് അവരുടെ വീടുകളില്‍ പോയി വാക്‌സിനേഷന്‍ നല്‍കിവരുന്നു. ദേശീയതലത്തില്‍ ഇത് ശ്രദ്ധനേടുകയും പല സംസ്ഥാനങ്ങളും പിന്തുടരുകയും ചെയ്തു.

Related posts

ഒക്‌ടോബർ എട്ടുവരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

Aswathi Kottiyoor

പ്രീപെയ്ഡ് നിരക്കുകൾ വർധിപ്പിച്ച് റിലയൻസ് ജിയോ, കൂട്ടിയത് 20% വരെ.

Aswathi Kottiyoor

ഡ​യ​റി കോ​ള​ജ് സ്ഥാ​പി​ക്കും: മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി

Aswathi Kottiyoor
WordPress Image Lightbox