Uncategorized

എന്‍സിപിയിലെ മന്ത്രിമാറ്റ ചർച്ചകളിൽ അനിശ്ചിതത്വം; തോമസ് കെ തോമസ് മുഖ്യമന്ത്രിയെ കണ്ടേക്കും

തിരുവനന്തപുരം: എന്‍സിപിയിലെ മന്ത്രിമാറ്റ ചർച്ചകളിൽ അനിശ്ചിതത്വം. എൻസിപിയുടെ മന്ത്രിയായ എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന നിർദേശം സിപിഎം കേന്ദ്ര നേതൃത്വം വിലയിരുത്തും. ശരദ് പവാറുമായി തോമസ് കെ തോമസ് ഇന്ന് വീണ്ടും ചർച്ച നടത്തിയില്ല. തോമസ് കെ തോമസ് ദില്ലിയിൽ നിന്നും പുലർച്ചെ കേരളത്തിലേക്ക് മടങ്ങി. ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നാണ് സൂചന. ശരദ് പവാറുമായുള്ള ചർച്ചയുടെ വിവരം പ്രകാശ് കാരാട്ട് പിബിയെ അറിയിക്കും. മന്ത്രിയെ നിശ്ചയിക്കാനുള്ള അവകാശം പാർട്ടിക്കാണെന്ന് ഇന്നലെ പവാർ കാരാട്ടിനോട് പറഞ്ഞിരുന്നു.

അതേസമയം, തോമസ് കെ തോമസിന് പവാറിനെ കാണാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. നാട്ടിൽ പ്രചരിക്കുന്നത് പോലെ ഒന്നും എന്‍സിപിയിൽ ഇല്ല. തോമസിന് പാർട്ടി അധ്യക്ഷനെ കാണാൻ എല്ലാ സ്വാതന്ത്ര്യവുമുണ്ട്. അതിൽ ഒരു അച്ചടക്ക ലംഘനമില്ല. ശരദ് പാവാറും കാരാട്ടും എന്താണ് സംസാരിച്ചത് എന്നറിയില്ല. അത് സ്വകാര്യ സംഭാഷണമായിരുന്നു. തോമസിന് മന്ത്രിയാകാൻ ഞാൻ തടസ്സമല്ലെന്ന് സംസ്ഥാന കമ്മിറ്റിയിൽ പറഞ്ഞിട്ടുണ്ട്. പാർട്ടിക്ക് മന്ത്രിയെ വേണ്ട എന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് താൻ പാർട്ടിയെ അറിച്ചിട്ടുണ്ട്. തോമസ് ഇന്ന് മുഖ്യമന്ത്രിയെ കണ്ടോട്ടെ. മുഖ്യമന്ത്രിയുടെ തെറ്റിധാരണ മാറ്റാൻ കഴിയുമെങ്കിൽ നല്ലതാണെന്നും എ കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ഏറെനാളായി തർക്കത്തിലുള്ള എൻസിപിയിലെ മന്ത്രിമാറ്റത്തിൽ അന്തിമ നീക്കത്തിലാണ് പി സി ചാക്കോയും തോമസും. അവസാന വട്ടശ്രമമെന്ന നിലക്കായിരുന്നു ശരത് പവാർ വഴിയുള്ള ഇടപെടൽ. ദേശീയ നേതൃത്വം വരെ അംഗീകരിച്ച മന്ത്രിമാറ്റത്തിൽ അപ്രതീക്ഷിത ഉടക്കിട്ടത് മുഖ്യമന്ത്രിയാണ്. കൂറുമാറാൻ 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന വിവാദത്തിൽ തോമസിനെ മന്ത്രിയാക്കാൻ പറ്റില്ലെന്ന് മുഖ്യമന്ത്രി ഉറച്ചനിലപാടെടുത്തു. ഇതോടെ മന്ത്രിമാറ്റ നീക്കം വഴിമുട്ടി. ഇതോടെയാണ് പവാറിനെ കൊണ്ട് മുഖ്യമന്ത്രിയിൽ സമ്മർദ്ദമുണ്ടാക്കുക, സിപിഎം കേന്ദ്ര നേതാക്കളുടെ ഇടപെടലിനും ശ്രമം നടത്തിയത്. അതൃപ്തനാണെങ്കിലും പാർട്ടിക്ക് വേണ്ടെങ്കിൽ വേണ്ട എന്നാണ് ശശീന്ദ്രൻ്റെ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button