Uncategorized

പുഷ്പ 2 പ്രമീയര്‍ ദുരന്തം: തീയറ്ററിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി പൊലീസ്

ഹൈദരാബാദ്: പുഷ്പ-2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ യുവതിയുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്ന സന്ധ്യ തിയേറ്ററിന് കാരണംകാണിക്കൽ നോട്ടീസ് നൽകി ഹൈദരബാദ് പൊലീസ്. ഗുരുതര വീഴ്ചകൾ സംഭവിച്ചതായി പൊലീസ് നോട്ടീസില്‍ പറയുന്നു. അല്ലു അർജുൻ എത്തുമെന്ന് പോലീസിനെ തീയറ്റര്‍ അധികൃതര്‍ അറിയിച്ചില്ല. തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും സംവിധാനം ഉണ്ടായിരുന്നില്ല. വാഹനങ്ങളുടെ പാർക്കിങ്ങിനു ക്രമീകരണം ഉണ്ടായില്ല. അനധികൃതമായി ഫ്ളക്സുകൾ സ്ഥാപിച്ച് ട്രാഫിക്കിന് അടക്കം തടസ്സം ഉണ്ടാക്കി. അല്ലു അര്‍ജുന്‍റെ അടക്കം സ്വകാര്യ സുരക്ഷാ ജീവനക്കാർ പൊതുഗതാഗതം തടസ്സപ്പെടുത്തി എന്നതടക്കം പല വീഴ്ചകളും ചൂണ്ടികാട്ടിയാണ് നോട്ടീസ്.

10 ദിവസത്തിനകം നോട്ടീസില്‍ വിശദീകരണം നൽകണമെന്നാണ് പൊലീസ് പറയുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ തീയറ്ററിന് നല്‍കിയ ലൈസൻസ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.
അതേ സമയം പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച് ആശുപത്രി. തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍ ശ്രീനേജാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അപകട ശേഷം പൂർണ്ണമായും കുട്ടി അബോധാവസ്ഥയിലായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. മികച്ച ചികിത്സ ലക്ഷ്യമാക്കുമെന്ന് തെലുങ്കാന സര്‍ക്കാര്‍ അറിയിച്ചു.

പുഷ്പ 2 റിലീസ് ദിന തലേന്ന് ജനുവരി നാലാം തീയതിയാണ് പല തിയറ്ററുകളിലും പെയ്ഡ് പ്രീമിയറുകള്‍ നടന്നത്. ഇതിന്‍റെ ഭാഗമായി ഹൈദരാബാദിലെ പഴയ തിയറ്റര്‍ കോംപ്ലക്സുകളില്‍ ഒന്നായ സന്ധ്യ തിയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു. ഇതോടെയുണ്ടായ തിക്കിലും തിരക്കിലുപ്പെട്ടാണ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. അപകടത്തില്‍ രേവതിയുടെ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും പരിക്കേറ്റിരുന്നു. ഒമ്പത് വയസുകാരന്‍റെ നില ഗുരുതരമായിരുന്നു. അതിന് ശേഷമാണ് ഡിസംബര്‍ 18ന് കുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.

അതേ സമയം പുഷ്പ 2 പ്രീമിയറിനിടെ ആരാധിക മരിച്ച സംഭവത്തില്‍ അല്ലു അര്‍‍ജുനെതിരെ നീക്കം ശക്തമാക്കാന്‍ തെലങ്കാന പൊലീസ് ഒരുങ്ങുകയാണ്. അല്ലുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനാണ് തെലങ്കാന പൊലീസ് ഒരുങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button