ഓണ വിപണി ലക്ഷ്യമിട്ട് കുടുംബശ്രീ; ഓണക്കനി വിളവെടുപ്പിന് തുടക്കമായി

മാലൂർ: ഓണം വിപണി ലക്ഷ്യമാക്കി കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓണക്കനി പദ്ധതിയുടെ വിളവെടുപ്പിന് വിവിധ സി ഡി എസ്സുകളിൽ തുടക്കമായി. മാലൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ നടത്തിയ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് വി ഹൈമവതി ഉദ്ഘാടനം ചെയ്‌തു.
ഗ്രാമഹരിതകം ജെ എൽ ജി കുണ്ടേരിപൊയിൽ നടത്തിയ പരിപാടിയിൽ ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കോയിലോടൻ രമേശൻ അധ്യക്ഷനായി. ജില്ലയിലെ 5007 ജെഎൽജി ഗ്രൂപ്പുകളിലെ 17,571 മഹിളാ കർഷകർ 847.24 ഹെക്ടറിൽ വിവിധ വിളകൾ കൃഷി ചെയ്‌തിട്ടുണ്ട്. 486.3 ഏക്കർ സ്ഥലത്ത് പച്ചക്കറികൾ, 607.5 എക്കറിൽ വാഴ, 420 ഏക്കറിൽ ചേന, 221.5 ഏക്കറിൽ ചേമ്പ്, 155.8 ഏക്കറിൽ ഇഞ്ചി, 202.5 ഏക്കറിൽ പൂവ് എന്നിവയാണ് കൃഷി. സംയോജിത കൃഷി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ അരി, ചിപ്സ്, ന്യൂട്രി ബാറുകൾ തുടങ്ങിയ മൂല്യ വർധന ഉൽപ്പന്നങ്ങളും ഇതോടൊപ്പം വിപണിയിലെത്തും. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.വി ജയൻ പദ്ധതി വിശദീകരണം നടത്തി.
പഞ്ചായത്തംഗം ചന്ദ്രമതി പാരയത്ത്, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ വിജിത്ത്, ജില്ലാ പ്രോഗ്രാം മാനേജർ സൈജു പത്മനാഭൻ, ബ്ലോക്ക് കോ ഓർഡിനേറ്റർ സുഷമ, ഗ്രാമ ഹരിതകം ജെ എൽ ജി സെക്രട്ടറി അജിനി, പ്രസിഡന്റ് അജിത, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ സുമതി കാരിയാടൻ, ഐ എഫ് സി സീനിയർ സി ആർ പി ധനിഷ ഷനോജ് എന്നിവർ പങ്കെടുത്തു.




