പത്ത് വർഷം കൊണ്ട് രാജ്യത്ത് ബാങ്കുകൾ എഴുതിത്തള്ളിയത് 12.3 ലക്ഷം കോടി രൂപയുടെ വായ്പ
ദില്ലി: കഴിഞ്ഞ 10 സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയിലെ വാണിജ്യ ബാങ്കുകൾ 12.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്ന് കണക്ക്. പാർലമെൻ്റിൽ കേന്ദ്രസർക്കാരാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്. അഞ്ച് വർഷത്തിനിടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ആറര ലക്ഷം കോടി രൂപയുടെ വായ്പ എഴുതി തള്ളിയെന്നും ആകെയുള്ള വായ്പാ കുടിശികയുടെ ഒരു ശതമാനം മാത്രമാണ് പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയതെന്നും റിപ്പോർട്ട് പറയുന്നു.2023-24 സാമ്പത്തിക വർഷം മാത്രം ₹1.7 ലക്ഷം കോടി രൂപയാണ് എഴുതി തള്ളിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പത്തുവർഷത്തിനിടെ 2 ലക്ഷം കോടി രൂപ എഴുതിത്തള്ളിയപ്പോൾ പഞ്ചാബ് നാഷണൽ ബാങ്ക് 94,702 കോടി രൂപ എഴുതിത്തള്ളി. നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ പൊതുമേഖലാ ബാങ്കുകൾ 42,000 കോടി രൂപ എഴുതിത്തള്ളി. 2019 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 2.4 ലക്ഷം കോടി എഴുതിത്തള്ളിയിരുന്നു.