അതിരാദുണം; വഴിവിളക്കില്ലാത്ത വഴിയിൽ ഇരുട്ടിൽ ആന നിൽക്കുന്നത് എൽദോസ് കണ്ടില്ല; മരത്തിലിടിച്ച് കൊലപ്പെടുത്തി
കൊച്ചി: മൂന്നു ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ രണ്ടു ജീവൻ നഷ്ടമായ കോതമംഗലത്ത് പുലരും വരെ അരങ്ങേറിയത് കടുത്ത ജനകീയ പ്രതിഷേധം. കാട്ടാന മറിച്ചിട്ട മരം വീണ് എൻജിനീയറിങ് വിദ്യാർഥിനി മരിച്ച നടുക്കം മാറും മുൻപേ ആണ് ഇന്നലെ രാത്രി കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചത്. കോതമംഗലം കുട്ടമ്പുഴ ഉരുളന്തണ്ണി എൽദോസ് വർഗീസ് ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ആയിരുന്നു നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാന മറിച്ചിട്ട മരം വീണ് വിദ്യാർഥിനിയായ ആൻമേരി മരിച്ചത്. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എൽദോസിനെ രാത്രി എട്ടരയോടെ വീട്ടിലേക്ക് നടന്നുപോകുന്ന വഴിയിലാണ് ആന ആക്രമിച്ചത്.
എൽദോസിനെ ആന മരത്തിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വഴിവിളക്കുകൾ പോലും ഇല്ലാത്ത ഈ സ്ഥലത്ത് ആന നിൽക്കുന്നത് എൽദോസ് കണ്ടിരുന്നില്ല. കോതമംഗലത്ത് അരങ്ങേറിയ ജനകീയ പ്രതിഷേധം പുലർച്ചെ രണ്ടുമണിയ്ക്കാണ് അവസാനിച്ചത്.