Uncategorized

‘കേരളത്തിനും ധനകാര്യ മേഖലയ്ക്കും അഭിമാനം; കെഎസ്എഫ്ഇ ലോകത്തിന് മുമ്പാകെ ഉയര്‍ത്തുന്നത് വലിയ സാമ്പത്തിക മാതൃക’: മുഖ്യമന്ത്രി

സാമ്പത്തിക മാന്ദ്യം, നോട്ട് നിരോധനം, കോവിഡ് തുടങ്ങി ഒരു പ്രതിസന്ധിയിലും ഉലയാത്ത മാതൃകയാണ് കെഎസ്എഫ്ഇ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്എഫ്ഇ ലോകത്തിന് മുമ്പാകെ ഉയര്‍ത്തുന്നത് വലിയ സാമ്പത്തിക മാതൃകയാണെന്നും മലയാളിയുടെ നിത്യജീവിതവുമായി ഇഴ ചേര്‍ന്ന കിടക്കുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇ എന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്കിങ് ഇതര സ്ഥാപനം ഇത്ര വലിയ നേട്ടം കൈവരിക്കുന്നതെന്നും കേരളത്തിനും കേരളത്തിന്റെ ധനകാര്യ മേഖലക്കും അഭിമാനമാണ് കെഎസ്എഫ്ഇ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎസ്എഫ്ഇയുടെ ഒരു ലക്ഷം കോടി രൂപ ബിസിനസ് നേട്ടത്തിന്റെ പ്രഖ്യാപനവും ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് സാമ്പത്തിക ആവശ്യത്തിനും ആശ്രയിക്കാവുന്ന സ്ഥാപനം. ആകര്‍ഷകമായ വ്യവസ്ഥകളോടെയാണ് ഇപ്പോള്‍ ചിട്ടി നടക്കുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് കീഴില്‍ ചിട്ടിയെ പുനക്രമീകരിക്കാനായി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും വേരുകളുള്ള ധനകാര്യ സ്ഥാപനമായി കെഎസ്എഫ്ഇയ്ക്ക് മാറാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

1967ലാണ് കെഎസ്എഫ്ഇ തുടങ്ങുന്നത്. ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത്, അന്ന ധനകാര്യ മന്ത്രിയായിരുന്ന പി കെ കുഞ്ഞ് മുന്‍ കൈയ്യെടുത്താണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 30,000 കോടി രൂപയായിരുന്നു കെഎസ്എഫ്ഇയുടെ ബിസിനസ്. മൂന്നിരട്ടിയിലേറെ വളര്‍ച്ച 9 വര്‍ഷം കൊണ്ട് നേടി. ഉപഭോക്താവിന് ഇന്‍ഷുറന്‍സ് പരിരക്ഷ, ഗ്രൂപ്പ് പെന്‍ഷന്‍ പദ്ധതി എന്നിവയും ഏര്‍പ്പെടുത്തി.

മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോര്‍ട്ടലും യാഥാര്‍ഥ്യമാകുന്നതോടുകൂടി ആയാസ രഹിതമായി കെഎസ്എഫ്ഇ യുടെ സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകും. ലോകത്തിനാകെ മാതൃകയായ ഒരു നവ കേരളം സൃഷ്ടിക്കാനുള്ള ശ്രമമാണ് നമ്മള്‍ നടത്തുന്നത്. അതില്‍ കെഎസ്എഫ്ഇയ്ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button