സിബിഎസ്ഇ അടുത്ത വർഷം മുതൽ ഓപ്പൺ ബുക്ക് എക്സാം, ഓരോ ടേമിലും മൂന്ന് പരീക്ഷ; റിപ്പോർട്ട്

2026-27 അധ്യയന വർഷം മുതൽ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി പരീക്ഷയിൽ പുസ്‌തകം നോക്കി ഉത്തരമെഴുതുന്ന രീതി ഓപ്പൺ ബുക്ക് എക്‌സാം) നടപ്പാക്കാൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) തീരുമാനിച്ചതായി റിപ്പോർട്ട്. സിബിഎസ്ഇയുടെ ഗവേണിങ് ബോഡി ജൂണിൽ ഈ നിർദ്ദേശം അംഗീകരിച്ചിരുന്നു. ഓരോ ടേമിലും ഭാഷ പഠനം, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ മൂന്ന് എഴുത്തുപരീക്ഷകൾ ഓപ്പൺ ബുക്ക് രീതിയിൽ നടത്താനാണ് പദ്ധതി. ഓപ്പൺ ബുക്ക് പരീക്ഷയിൽ വിദ്യാർഥികൾക്ക് പാഠപുസ്‌തകങ്ങൾ, ക്ലാസ് നോട്ടുകൾ, അല്ലെങ്കിൽ ലൈബ്രറി പുസ്‌തകങ്ങൾ ഉപയോഗിക്കാം. ഓർമശക്തി പരിശോധിക്കുന്നതിന് പകരം, വിവരങ്ങൾ ഉപയോഗിക്കാനുള്ള കഴിവ്, ആശയങ്ങൾ മനസ്സിലാക്കുക, യഥാർഥ ജീവിത സാഹചര്യങ്ങളിൽ അവ പ്രയോഗിക്കുക എന്നിവയാണ് പരീക്ഷകൾ ലക്ഷ്യമിടുന്നത്. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലും ഈ മാറ്റം ഉൾപ്പെടുത്തിയിരുന്നു.
2023 ഡിസംബറിൽ അംഗീകരിച്ച പൈലറ്റ് പഠനം ഒമ്പതു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ നടത്തിയിരുന്നു. പരീക്ഷ പൂർത്തിയാക്കാൻ വിദ്യാർഥികൾ എടുത്ത സമയം, അധ്യാപകരുടെയും വിദ്യാർഥികളുടെയും അഭിപ്രായങ്ങൾ എന്നിവയാണ് വിലയിരുത്തിയത്. 12% മുതൽ 47% വരെ ആയിരുന്നു വിദ്യാർഥികളുടെ സ്കോർ. റഫറൻസ് മെറ്റീരിയലുകൾ ഫലപ്രദമായി ഉപയോഗിക്കാനും വിഷയങ്ങൾ തമ്മിൽ ബന്ധിപ്പിക്കാനും പലർക്കും ബുദ്ധിമുട്ടാണെന്ന വിലയിരുത്തലുണ്ടായിരുന്നു. 2014ൽ സിബിഎസ്ഇ ഒമ്പതാം ക്ലാസിൽ ഹിന്ദി, ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയിലും പതിനൊന്നാം ക്ലാസിൽ സാമ്പത്തികശാസ്ത്രം, ജീവശാസ്ത്രം, ഭൂമിശാസ്ത്രം എന്നിവയിലും ഓപ്പൺ ടെക്സ്റ്റ് ബേസ്‌ഡ് അസസ്മെൻ്റ് നടപ്പാക്കിയിരുന്നു.




