സംസ്ഥാനത്തെ പ്രഥമ വെഡ്ഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ്; ഓഗസ്റ്റ് 14 മുതല്‍ 16 വരെ കൊച്ചിയില്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് ഓഗസ്റ്റില്‍ നടത്തുന്ന പ്രഥമ വെഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ് ഓഗസ്റ്റ് 14 മുതല്‍ 16 വരെ കൊച്ചിയില്‍ നടക്കും. വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം (മീറ്റിംഗ് ഇന്‍സെന്‍റീവ്സ്, കോഫറന്‍സസ് ആന്‍ഡ് എക്സിബിഷന്‍സ് – എംഐസിഇ) രംഗത്തെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനും രാജ്യത്തെ വെഡിംഗ്-മൈസ് ടൂറിസം ഹബ്ബാക്കി കേരളത്തെ മാറ്റുകയുമാണ് കോണ്‍ക്ലേവിന്‍റെ ലക്ഷ്യമെന്ന് കെടിഎം ഭാരവാഹികള്‍ അറിയിച്ചു.
ഓഗസ്റ്റ് 14ന് വൈകീട്ട് അഞ്ചിന് ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ സംസ്ഥാന വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയായിരിക്കും. 15, 16 തിയതികളില്‍ കൊച്ചിയിലെ ലെ മെറഡിയനിലാണ് ആണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളും നടക്കുന്നത്.
ഹൈബി ഈഡന്‍ എംപി, കൊച്ചി മേയര്‍ എം അനില്‍കുമാര്‍, കേന്ദ്ര ടൂറിസം മന്ത്രാലയം അഡി. സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ സുമന്‍ ബില്ല, സംസ്ഥാന ടൂറിസം സെക്രട്ടറി ബിജു കെ, കേരള ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍, അഡി. ഡയറക്ടര്‍ ശ്രീധന്യ സുരേഷ്, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ്, സെക്രട്ടറി എസ് സ്വാമിനാഥന്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.




