Uncategorized

സനാതനധർമ പരാമർശം; ‘കമലിന്റെ സിനിമകൾ കാണരുതെന്ന് എല്ലാ ഹിന്ദുക്കളോടും അഭ്യർത്ഥിക്കുന്നു’, ആഹ്വാനവുമായി ബിജെപി

ചെന്നൈ: സനാതനധർമത്തെക്കുറിച്ചുള്ള പരാമർശത്തിന് പിന്നാലെ നടനും എംപിയുമായ കമൽ ഹാസന്റെ സിനിമകൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി തമിഴ്നാട് ബിജെപി. ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

“നേരത്തെ ഉദയനിധി സ്റ്റാലിനായിരുന്നു. ഇപ്പോൾ, സനാതന ധർമ്മം നശിപ്പിക്കാൻ ആഗ്രഹിക്കുന്നത് കമലാണ്. നമുക്ക് അവരെ ഒരു പാഠം പഠിപ്പിക്കാം. കമലിന്റെ സിനിമകൾ കാണരുതെന്ന് ഞാൻ എല്ലാ ഹിന്ദുക്കളോടും അഭ്യർത്ഥിക്കുന്നു. ഒടിടിയിൽ പോലും കാണരുത്. നമ്മൾ ഇത് ചെയ്താൽ, ദശലക്ഷക്കണക്കിന് ഹിന്ദുക്കളെ വേദനിപ്പിക്കുന്ന ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ പൊതു വേദികളിൽ അവർ പങ്കിടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ് നടൻ സൂര്യ നടത്തുന്ന അഗരം ഫൗണ്ടേഷൻ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കമൽ ഹാസൻ. “രാഷ്ട്രത്തെ മാറ്റാൻ വിദ്യാഭ്യാസത്തിന് മാത്രമേ ശക്തിയുള്ളൂ. സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ പൊട്ടിക്കാൻ കഴിയുന്ന ഒരേയൊരു ആയുധം വിദ്യാഭ്യാസമാണ്”, എന്നായിരുന്നു നടൻ പരാമർശിച്ചത്. നീറ്റ് പരീക്ഷയ്ക്കെതിരെയായിരുന്നു കമൽ ഹാസന്റെ രൂക്ഷ വിമർശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button