കണ്ണൂർ: വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്നതിനായി തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് ബൂത്ത് ലെവൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് കാലോചിതമായി പരിഷ്കരിക്കുക, നിയമസഭാ തെരഞ്ഞെടുപ്പിന് ഡ്യൂട്ടി ചെയ്ത ബിഎൽഒ മാർക്ക് അനുവദിക്കപ്പെട്ട തുക എത്രയും പെട്ടെന്ന് വിതരണം ചെയ്യുക, നാലു വർഷമായി കുടിശികയായുള്ള ബിഎൽഒമാരുടെ അലവൻസുകൾ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും കൺവൻഷൻ പ്രമേയത്തിലൂടെ ഉന്നയിച്ചു.
സംസ്ഥാന പ്രസിഡന്റ് എ.വി. സാദിഖ് ഉദ്ഘാടനം ചെയ്തു. പി.വി. സഹീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. പ്രദീപ്, കെ.പി. ബാലകൃഷ്ണൻ എന്നിവർ യഥാക്രമം സംഘടനാറിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു
സംഘടനയുടെ പ്രസിഡന്റായി പി.വി. സഹീറിനെയും സെക്രട്ടറിയായി കെ.പി. ബാലകൃഷ്ണനെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: എം.കെ. അശോക് കുമാർ, പി. അജിത കുമാരി-വൈസ് പ്രസിഡന്റുമാർ, പി.കെ. കുഞ്ഞിക്കൃഷ്ണൻ, ഫാത്തിമ, ബിന്ദു, നോബർട്ട്-ജോയിന്റ് സെക്രട്ടറിമാർ, ടി. രമേശ്-ട്രഷറർ, കെ.വി. രാധാകൃഷ്ണൻ-രക്ഷാധികാരി.ഓൺലൈനായി നടന്ന കൺവൻഷനിൽ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 56 പ്രതിനിധികളും ജില്ലാ-സംസ്ഥാന നേതാക്കളും പങ്കെടുത്തു.