നിര്‍ധന വീട്ടമ്മക്ക് കെഎസ്ഇബി ഷോക്ക്, ഒരു മുറി വീട്ടിലെ കഴിഞ്ഞ ബില്ല് 780 രൂപ, ഇത്തവണ കിട്ടിയത് 17,445 രൂപ
കൊല്ലം: ഏരൂരിൽ നിർധനയായ വീട്ടമ്മയ്ക്ക് വൈദ്യുതി ബില്ലായി ലഭിച്ചത് 17,445 രൂപ. ഒരു മുറിയും ഹാളും അടുക്കളയുമുള്ള അമ്പിളിയുടെ പണിതീരാത്ത വീട്ടിൽ ആകെയുള്ളത് ഒരു ഫ്രിഡ്ജും രണ്ടു ഫാനും അഞ്ച് എല്‍ഇഡി ബള്‍ബുകളും മാത്രമാണ്. എങ്ങനെ തുക കണ്ടെത്തുമെന്ന ആശങ്കയിലാണ് നിത്യചെലവിന് പോലും വഴിയില്ലാതെ ബുദ്ധിമുട്ടുന്ന വീട്ടമ്മ. സാങ്കേതിക പ്രശ്നങ്ങൾ സംഭവിച്ചോ എന്ന് പരിശോധിച്ച ശേഷം ബിൽ കുറച്ചു നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
പത്ത് വര്‍ഷം മുമ്പ് ഏരൂര്‍ പൊന്‍വെയില്‍ സ്വദേശി അമ്പിളിയ്ക്ക് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അനുവദിച്ച കുഞ്ഞു വീടാണിത്. പരിമിതമായ സൗകര്യങ്ങളുള്ള പണിതീരാത്ത വീട്. ഇത്തവണ കെഎസ്ഇബിയുടെ വൈദ്യുതി ബിൽ കണ്ട് ഷോക്കേറ്റ അവസ്ഥയിലാണ് ഈ വീട്ടമ്മ. ഫ്രിഡ്ജും രണ്ടു ഫാനും അഞ്ച് എല്‍ഇഡി ബള്‍ബുകളും മാത്രമുള്ളമുള്ള വീട്ടിൽ വൈദ്യുതി ബില്ലായി വന്നത് 17,445 രൂപ. കഴിഞ്ഞ തവണ 780 രൂപ വന്ന സ്ഥാനത്താണ് വൻ തുക ബില്ലായി ലഭിച്ചതെന്ന് അമ്പിളി പറയുന്നു.
അസുഖ ബാധിതയായ അമ്പിളി വീട്ടുജോലിക്ക് പോയി കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഇരുട്ടടി പോലെ എത്തിയ വൈദ്യുതി ബിൽ എങ്ങനെ ശ്രമിച്ചാലും
അടയ്ക്കാൻ കഴിയില്ല. ബില്ലിൽ പിഴവുണ്ടെന്നും ഉടൻ തിരുത്തൽ വരുത്താൻ കെഎസ്ഇബി തയ്യാറാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.വീട്ടിലെ വയറിങ്ങിൽ പ്രശ്നമുണ്ടെന്ന വിശദീകരണമാണ് അഞ്ചൽ ഈസ്റ്റ് കെഎസ്ഇബി അധികൃതർ നൽകുന്നത്.മീറ്ററിന് തകരാറുണ്ടോ എന്ന് പരിശോധിച്ച ശേഷമേ വൈദ്യുതി ബിൽ കുറച്ചു നൽകുന്ന കാര്യത്തിൽ
തീരുമാനമെടുക്കാനാകൂ എന്നും കെഎസ്ഇബി പറയുന്നു.