Uncategorized

മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രം; ഉഷാ ഹസീനയെയും പൊന്നമ്മ ബാബുവിനെയും തള്ളി മാലാ പാര്‍വതി

കൊച്ചി: താരസംഘടനയായ എഎംഎംഎയിലെ മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നടി മാലാ പാര്‍വതി. 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും ഇക്കാര്യം ഉന്നയിച്ച് കേട്ടിട്ടില്ല. തെരഞ്ഞെടുപ്പില്‍ ബാബുരാജിനെ പ്രകീര്‍ത്തിച്ചുകൊണ്ട് സംസാരിക്കുന്ന ഉഷ ഹസീനയും പൊന്നമ്മ ബാബുവും പറയുന്ന ആരോപണത്തെ തെരഞ്ഞെടുപ്പ് തന്ത്രമായാണ് താന്‍ കാണുന്നതെന്ന് മാലാ പാര്‍വതി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഉഷ ഹസീനയെയും പൊന്നമ്മ ബാബുവിനെയും തള്ളി മാലാ പാര്‍വതി രംഗത്തെത്തിയത്. വിഷയത്തില്‍ താന്‍ നടത്തിയ ഇടപെടലിന്റെ സ്‌ക്രീന്‍ഷോട്ടടക്കം പങ്കുവെച്ചാണ് മാലാ പാര്‍വതിയുടെ കുറിപ്പ്.

കഴിഞ്ഞ വര്‍ഷം കുക്കു പരമേശ്വര്‍ തെരഞ്ഞെടുപ്പിന് മത്സരിച്ചപ്പോള്‍ പിന്തുണയ്ക്കാന്‍ ഉഷാ ഹസീന മുന്‍പില്‍തന്നെയുണ്ടായിരുന്നുവെന്നതും മെമ്മറി കാർഡുമായി ബന്ധപ്പെട്ട പ്രശ്‌നം ഹേമ കമ്മിറ്റിയിലോ ഹേമകമ്മിറ്റി റിപ്പോര്‍ട്ട് വന്ന സമയത്തോ മാധ്യമങ്ങളില്‍ കണ്ടിട്ടില്ലെന്നും മാലാ പാര്‍വതി ചൂണ്ടിക്കാട്ടി. ബാബുരാജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത് എന്ന് പറഞ്ഞത് വ്യക്തിപരമായിരുന്നില്ല. ആരോപണ വിധേയര്‍ തെരഞ്ഞെടുപ്പില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്ന അഭിപ്രായക്കാരിയാണ് താന്‍. ശക്തര്‍ക്കെതിരെ നില്‍ക്കുമ്പോള്‍ ഭീഷണി സ്വാഭാവികമാണെന്നും മാലാ പാര്‍വതി പറഞ്ഞു.

ഹേമാ കമ്മിറ്റി രൂപീകരിക്കുന്നതിന് മുമ്പ് എഎംഎംഎയിലെ സ്ത്രീകള്‍ അവര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞിരുന്നുവെന്നും ഇതിന്റെ വീഡിയോ പകര്‍ത്തിയത് കുക്കു പരമേശ്വരനാണെന്നും ഹാര്‍ഡ് ഡിസ്‌ക് തിരികെ വേണമെന്നും പൊന്നമ്മ ബാബു ആവശ്യപ്പെട്ടിരുന്നു. താര സംഘടനയിൽ അംഗങ്ങളായ സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ എവിടെപ്പോയെന്നും പൊന്നമ്മ ബാബു ചോദിച്ചിരുന്നു. അതിനിടെ മാലാപാര്‍വതിക്കെതിരെയും പൊന്നമ്മ ബാബു രംഗത്തെത്തിയിരുന്നു. മെമ്മറി കാര്‍ഡ് വിവാദത്തില്‍ മാലാ പാര്‍വതി എന്തിനാണ് ഇടയില്‍ നില്‍ക്കുന്നതെന്ന് മനസിലാകുന്നില്ലെന്നായിരുന്നു പൊന്നമ്മ ബാബു പറഞ്ഞത്. ഇതെല്ലാം ഒരു കോമഡി ആയി ഫീല്‍ ചെയ്യുന്നു എന്നാണ് മാലാ പാര്‍വതി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സ്ത്രീകളുടെ പ്രശ്നം അവര്‍ക്ക് എങ്ങനെയാണ് കോമഡി ആയി തോന്നിയതെന്ന് തനിക്ക് മനസിലായിട്ടില്ലെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു. മാലാ പാര്‍വതി സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ആളല്ല എന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button