‘കേരള’ കലഹത്തിൽ അസാധാരണ നീക്കം; സിന്‍ഡിക്കേറ്റ് ഹാള്‍ അടച്ചുപൂട്ടി വൈസ് ചാന്‍സിലര്‍, താക്കോൽ ഇനി വിസിയുടെ കസ്റ്റഡിയിൽ

തിരുവനന്തപുരം: കേരള സർവകലാശാലയിലെ തര്‍ക്കത്തിൽ അസാധാരണ നടപടിയുമായി വൈസ് ചാന്‍സിലര്‍. സിന്‍ഡിക്കേറ്റ് ഹാള്‍ വൈസ് ചാന്‍സിലര്‍ അടച്ചുപൂട്ടി. താക്കോലും വിസി കസ്റ്റഡിയിലെടുത്തു. അനുവാദമില്ലാതെ ആരെയും പ്രവേശിപ്പിക്കരുതെന്നാണ് വിസിയുടെ നിര്‍ദേശം. വിസിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും പ്ലാനിങ് ഡയറക്ടറും നിർദ്ദേശം നൽകിയത്. സിൻഡിക്കേറ്റ് അംഗങ്ങൾ ജീവനക്കാരെ ഹാളിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നടപടി.
ഇന്നലെ നടന്ന സിൻ്റിക്കേറ്റ് യോഗം അലങ്കോലപ്പെട്ടതിന് പിന്നാലെ ഇടത് സിൻ്റിക്കേറ്റ് അംഗങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് റജിസ്ട്രാറുടെ ചുമതല വഹിക്കുന്ന മിനി കാപ്പൻ പൊലീസിൽ പരാതി നൽകിയത്. ഇതിനിടെ സിന്‍ഡിക്കേറ്റ് റൂമിന്‍റെ താക്കോൽ മോഷണം പോയെന്ന് ആരോപിച്ച് സിന്‍ഡിക്കേറ്റിലെ ഇടത് നേതാവ് ജി മുരളീധരനും രംഗത്ത് വന്നു. ഇന്ന് മുതൽ വിസിയുടെ മുറിയും തുറക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിസി മോഹനൻ കുന്നുമ്മലിന്‍റെ നിർദ്ദേശ പ്രകാരമാണ് മിനി കാപ്പൻ പൊലീസിൽ പരാതി നൽകിയത്. സർവകലാശാല ജീവനക്കാരെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങളായ ഷിജു ഖാൻ, മുരളീധരൻ എന്നിവർക്കെതിരെ പരാതി നൽകിയത്.




