കന്യാസ്ത്രീകൾക്ക് ഇന്ന് നിർണായകം; ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിക്കും; ഇടപെടുന്നത് സഭാനേതൃത്വം

റായ്പുർ: ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ഇന്ന് നിർണായക ദിനം. ഇരുവരും ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. സഭാനേതൃത്വമാണ് ജാമ്യാപേക്ഷ നൽകുന്നത്. ഛത്തീസ്ഗഡ് സർക്കാർ ജാമ്യാപേക്ഷയെ എതിർക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ് പ്രതീക്ഷയോടെയാണ് കാണുന്നത്. ജാമ്യം ലഭിച്ചാൽ ഇന്നുതന്നെ കന്യാസ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ബിലാസ്പൂരിലെ ഛത്തീസ്ഗഡ് ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നൽകുക. കോടതി പ്രവർത്തനമാരംഭിക്കുമ്പോൾ തന്നെ ജാമ്യാപേക്ഷ നൽകും. മനുഷ്യക്കടത്ത് കേസ് ഉള്ളതിനാൽ എൻഐഎ കോടതിയെ സമീപിക്കാനായിരുന്നു ദുർഗ് സെഷൻസ് കോടതിയുടെ നിർദ്ദേശം. എൻഐഎ കോടതിയെ സമീപിക്കുന്നത് പ്രശ്നം സങ്കീർണമാക്കുമെന്ന് വിലയിരുത്തിയ ക്രൈസ്തവ പുരോഹിതർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു. മുൻ അഡിഷണൽ അഡ്വ. ജനറൽ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്കായി ഹൈക്കോടതിയിൽ ഹാജരാകുക. അഭിഭാഷകനുമായി റായ്പുർ അതിരൂപതാ നേതൃത്വം ചർച്ച നടത്തി.
ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉറപ്പ് നൽകിയിരുന്നു. യുഡിഎഫ് എംപിമാരുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു അമിത് ഷാ നിലപാട് അറിയിച്ചത്. കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയ യുഡിഎഫ് എംപിമാരും ഇന്ന് ദുർഗിൽ എത്തും.
സിപിഐഎം നേതാക്കളായ പി കെ ശ്രീമതിയും സി എസ് സുജാതയും ജയിലിലെത്തി കന്യാസ്ത്രീകളെ കാണും. അനൂപ് ആന്റണിയും കോൺഗ്രസ് എംഎൽഎമാരായ റോജി എം ജോൺ, സജീവ് ജോസഫ് എന്നിവരും ദുർഗിൽ തുടരുകയാണ്. കന്യാസ്ത്രീകളുടെ ബന്ധുക്കളും ഛത്തീസ്ഗഡിൽ ഉണ്ട്.




