മലേഗാവ് സ്ഫോടനക്കേസിൽ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്ച; അന്വേഷണത്തിലും വീഴ്ചയെന്ന് കോടതി
മുംബൈ: മലേഗാവ് സ്ഫോടനക്കേസിൽ ശക്തമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും ധാർമികതയും ആഖ്യാനങ്ങളും മുൻനിർത്തി വിധി പറയാനാകില്ലെന്നും പ്രത്യേക കോടതി. കേസന്വേഷണത്തിലെ എല്ലാ ഘട്ടത്തിലും കാലതാമസം നേരിട്ടുവെന്നും ന്യായമായ, നിഷ്പക്ഷമായ രീതിയിലല്ല അന്വേഷണം നടന്നതെന്ന് വ്യക്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
പ്രോസിക്യൂഷന്റെ ഓരോ ഘട്ടത്തിലെയും വീഴ്ചകൾ എണ്ണിയെണ്ണിപ്പറഞ്ഞായിരുന്നു കോടതി വിധി പറഞ്ഞത്. പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ ഒരു തെളിവ് പോലുമില്ല. ഗൂഢാലോചനയിലും സ്ഫോടകവസ്തു വെച്ചതിലും അവർ പങ്കാളിയായിരുന്നില്ല. സ്ഫോടകവസ്തു ഘടിപ്പിച്ച വണ്ടി പ്രഗ്യയുടെ പേരിലായിരുന്നുവെങ്കിലും അവർ അത് ഉപയോഗിച്ചിരുന്നു എന്നതിന് യാതൊരു തെളിവുമില്ല എന്ന് കോടതി പറഞ്ഞു. ആരാണ് വണ്ടി അവിടെ കൊണ്ടുവെച്ചതെന്നോ ബോംബ് എവിടെയാണ് വെച്ചതെന്നോ പോലും കണ്ടെത്താനായില്ലെന്നും കോടതി കുറ്റപ്പെടുത്തി. സ്ഫോടനം നടന്ന ശേഷം ആ പ്രദേശം ബാരിക്കേഡ് വെച്ച് തിരിക്കാൻ പോലും അധികൃതർ തയ്യാറായില്ല. പ്രോസിക്യൂഷൻ ഹാജരാക്കിയ മെറ്റീരിയൽ തെളിവുകൾ ഒന്ന് പോലും കുറ്റം തെളിയിക്കുന്നതല്ല. പ്രതികൾ നടത്തിയ ഗൂഢാലോചനയ്ക്കുളള തെളിവുകൾ അപര്യാപ്തമെന്നും കോടതി പറഞ്ഞു.




