Uncategorized

കുടുംബശ്രീ മിഷന്റെ അഴിമതി; വിജിലൻസ് അന്വേഷണം റദ്ദാക്കണമെന്ന ഹർജി തള്ളി

കൊച്ചി : കുടുംബശ്രീ മിഷൻ്റെ അഴിമതി കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജി കേരള ഹൈക്കോടതി തള്ളി. കുടുംബശ്രീ മിഷൻ്റെ സംസ്ഥാന പ്രോഗ്രാം മാനേജരായി (ഫിനാൻസ്) സേവനമനുഷ്ഠിച്ചിരുന്ന കൊട്ടാരക്കര സ്വദേശി ജി ശ്രീരാജ് സമർപ്പിച്ച ഹർജി ജസ്റ്റിസ് എ ബദറുദീനാണ് തള്ളിയത്.

പിന്നോക്ക വിഭാഗങ്ങളിലെ യുവാക്കളെ സഹായിക്കുന്നതിനായി പദ്ധതി നിർവ്വഹണ ഏജൻസിയായി (പിഐഎ) നിയമിച്ച ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്ആർഡിഎസ്) ക്ക് സംസ്ഥാന കുടുംബശ്രീ മിഷൻ അനുവദിച്ച 2.16 കോടി രൂപ വകമാറ്റി ചെലവഴിച്ചുവെന്ന ആരോപണത്തിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്.

എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണ‌ൻ, എച്ച്ആർഡിഎസ് ജീവനക്കാരൻ പ്രെയ്‌സ് പയസ്, ശ്രീരാജ് എന്നിവർ ഔദ്യോഗിക സ്ഥാനങ്ങൾ ദുരുപയോഗം ചെയ്‌തു. സംസ്ഥാന കുടുംബശ്രീ മിഷൻ നൈപുണ്യ വികസന കോഴ്‌സുകൾ നടപ്പിലാക്കുന്നതിനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കൾക്ക് പ്ലേസ്മെൻ്റ് സഹായം നൽകുന്നതിനുമായി എച്ച്ആർഡിഎസിന് അനുവദിച്ച 5.63 കോടിയിൽ 2.16 കോടി രൂപയിൽ വെട്ടിപ്പ് നടത്തിയതായും പ്രോസിക്യൂഷൻ ആരോപിച്ചു.

പദ്ധതികളുമായി ബന്ധപ്പെട്ട് പിഐഎ സമർപ്പിച്ച സാമ്പത്തിക പ്രസ്‌താവനകളും ഓഡിറ്റ് റിപ്പോർട്ടുകളും സൂക്ഷ്‌മമായി പരിശോധിക്കേണ്ട ഉത്തരവാദിത്തം പ്രോ ഗ്രാം മാനേജരായ ശ്രീരാജിനായിരുന്നു. വെട്ടിപ്പ് കണ്ടെത്തിയിട്ടും അദ്ദേഹം റിപ്പോർട്ട് ചെയ്തില്ല. എന്നാൽ താൻ നിരപരാധിയാണെന്നുള്ള ശ്രീരാജിന്റെ വാദങ്ങൾ കോടതി തള്ളി. എഫ്ഐആറിൽ മൂന്ന് പ്രതികൾക്കെതിരെയും വ്യക്തമായ തെളിവുകളുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും ഹൈക്കോടതി നിർദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button