നിവിൻ പോളിയുടെ പരാതി വ്യാജം, ഫിലിം ചേംബറിൽ ഒരു കത്തും നൽകിയിട്ടില്ല; ആരോപണങ്ങൾ നിഷേധിച്ച് ഷംനാസ്

കൊച്ചി: ആക്ഷൻ ഹീറോ ബിജു-2 എന്ന ചിത്രത്തിൻ്റെ അവകാശം വ്യാജ ഒപ്പ് ഉപയോഗിച്ച് സ്വന്തമാക്കിയെന്ന നിവിൻ പോളിയുടെ പരാതി വ്യാജമെന്ന് നിർമാതാവ് പി.എസ്. ഷംനാസ്. നിവിൻ പോളിക്കെതിരേ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്തതുകൊണ്ടാണ് തനിക്കെതിരേ വ്യാജ പരാതി നൽകിയിരിക്കുന്നതെന്ന് നിർമാതാവ് പി.എസ്. ഷംനാസ് പറഞ്ഞു.നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ, തലയോലപ്പറമ്പ് സ്വദേശി പി.എസ്. ഷംനാസ് എന്നിവർ ഒപ്പിട്ട കരാറിൽ ചിത്രത്തിന്റെ എല്ലാ അവകാശങ്ങളും നിവിൻ്റെ നിർമാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. എന്നാൽ ഈ വിവരം മറച്ചുവെച്ച് ഷംനാസ് ഫിലിം ചേംബറിൽ നിന്ന് ചിത്രത്തിന്റെ പേരിന് മേലുള്ള അവകാശം സ്വന്തമാക്കുകയായിരുന്നുവെന്നും ഇതിനായി നിവിൻ പോളിയുടെ വ്യാജ ഒപ്പുള്ള രേഖകൾ ഷംനാസ് ഹാജരാക്കുകയും ചെയ്‌തുവെന്നാണ് പരാതി. കൂടാതെ നിവിനെ സമൂഹ മധ്യത്തിൽ അപമാനിക്കാനും ഭീഷണിപ്പെടുത്തി സ്വന്തം ലക്ഷ്യങ്ങൾ നേടാനും ഷംനാസ് ഗൂഢാലോചന നടത്തിയതായും പരാതിയുണ്ട്.




