ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ തിങ്കളാഴ്ച ലോക് സഭയില്‍, സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിടാന്‍ സാധ്യത
ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ പാര്‍ലമെന്‍റിലേക്ക്. തിങ്കളാഴ്ച നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ലോക് സഭയില്‍ ബില്ലവതരിപ്പിക്കും. ശക്തമായ പ്രതിപക്ഷ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ ബില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിടാനാണ് സാധ്യത.
2034 മുതല്‍ ലോക് സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള വ്യവസ്ഥകളുമായാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ പാര്‍ലമെന്‍റിലേക്കെത്തുന്നത്. ഭരണഘടന അനുച്ഛേദം 83 ഉം, 172 ഉം ഭേദഗതി ചെയ്തുള്ള ബില്ലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഭേദഗതി ബില്ലുമാകും അവതരിപ്പിക്കുക. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ നിയമസഭകളുടെ കാലാവധി വെട്ടി ചുരുക്കേണ്ടി വരുമെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. ആദ്യ ഘട്ടത്തില്‍ ലോക് സഭ നിയമ സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനും,പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ കൂടി അതില്‍ ഉള്‍പ്പെടുത്താനുമാണ് നീക്കം.
ബില്ലുകള്‍ക്ക് കഴുിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ബില്ലില്‍ സമവായം ഉണ്ടാക്കാനാകും വഖഫ് നിയമഭേദഗതി ബില്‍ മാതൃകയില്‍ ജെപിസിക്ക് വിടുന്നത്. എങ്കിലും ബില്‍ പാസാകാന്‍ കടമ്പകള്‍ ഏറെയാണ്. ഭരണഘടന ഭേദഗതി അംഗീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം. ഇപ്പോഴത്തെ സംഖ്യയില്‍ എന്‍ഡിഎക്ക് ഒറ്റക്ക് ബില്‍ പാസാക്കാനാവില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി സഹകരണം ഇക്കാര്യത്തില്‍ വേണ്ടി വരും. സംസ്ഥാനങ്ങളുടെ പിന്തുണയും ഉറപ്പാക്കേണ്ടതുണ്ട്.ബില്ലിനെതിരെ ഇപ്പോഴെ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്ന പ്രതിപക്ഷത്തിന്‍റെ സഹകരണം കിട്ടില്ലെന്ന് ഉറപ്പാണെങ്കിലും പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് നീങ്ങുന്നുവെന്ന ചര്‍ച്ച സജീവമാക്കാനാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.