വനംവകുപ്പിന്റെ ആറളം മീൻമുട്ടിയിലെ ക്യാമ്പ് ഓഫീസിന് നേരെ അക്രമണം
വനംവകുപ്പിന്റെ ആറളം മീൻമുട്ടിയിലെ ക്യാമ്പ് ഓഫീസിന് നേരെ അക്രമണം
മാവോയിസ്റ്റുകളാണോ എന്ന സംശയം
പോലീസും മാവോയിസ്റ്റ് വിരുദ്ധ സേനയും പരിശോധന തുടരുന്നു
ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ മീൻ മുട്ടിയിൽ വനം വകുപ്പിന്റെ ക്യാമ്പ് ഓഫീസിന് നേരെ അക്രമണം. ഓഫീസിന്റെ ഗെയിറ്റ് തകർത്ത് ഉള്ളിൽ കയറിയ അക്രമികൾ ജീവനക്കാരുടെ മുറിയിലെ കിടക്കൾ വലിച്ച് പുറത്തേക്ക് എറിയുകയും ഓഫീസിനു മുന്നിലെ പ്രവർത്തന ക്ഷമമല്ലാത്ത നിരീക്ഷണ ക്യാമറ വലിച്ച് പൊട്ടിക്കുകയും ചെയ്തു. വനം വകുപ്പ് ജീവനക്കാർ ഉപയോഗിക്കുന്ന ഭക്ഷണ പാത്രങ്ങൾ കാണാതായതോടെ ഇത് മോഷ്ടിക്കപ്പെട്ടതാണെന്ന് കരുതുന്നു. ചുമരുകളും വികൃതമാക്കിയിട്ടുണ്ട്.
മൂന്ന് നാലു ദിവസമായി ക്യാമ്പ് ഓഫീസിലേക്ക് ജീവനക്കാർ എത്തിയിരുന്നില്ല. അതിനാൽത്തന്നെ അക്രമം നടന്നിട്ട് രണ്ടോ മൂന്നോ ദിവസമായതായും കരുതുന്നു. ജീവനക്കാരുടെ പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഓഫീസിൽ എത്തിയപ്പോഴാണ് അക്രമണം ശ്രദ്ധയിൽപ്പെട്ടത്.
ആറളം വന്യജീവി സങ്കേതം ഓഫീസിൽ നിന്നും 16 ഓളം കിലോമീറ്റർ അകലെ ഉൾ വനത്തിലാണ് ക്യാമ്പ് ഓഫീസ്. ക്യാമ്പ് ഓഫീസിന് സമീപത്തെ മീൻ മുട്ടി വെള്ളച്ചാട്ടം കാണാൻ സഞ്ചാരികൾക്ക് ഇപ്പോൾ പ്രവേശനാനുമതി ഇല്ലാതതിനാൽ പുറമെനിന്നും ആളുകൾ ഇവിടേക്ക് എത്താനുള്ള സാധ്യതയില്ല. ആദിവാസികൾക്ക് വനവിഭവങ്ങൾ ശേഖരിക്കാൻ അനുമതിയുള്ളതിനാൽ ഇവിടെ എത്തിയ ഇവരിലാരെങ്കിലുമാണോ ഇത് ചെയ്തെന്ന സംശയമുണ്ടെങ്കിലും ഇവർ ഇങ്ങിനെ ചെയ്യാനുള്ള സാധ്യത വളരെ വിരളമാണ്. മാവോയിസ്റ്റുകളാകാമെന്ന സംശയമുണ്ടെങ്കിലും പൊലീസോ വനം വകുപ്പോ ഇതും സ്ഥിരീകരിച്ചിട്ടില്ല.
ഫോറൻസിക്ക് സംഘവും വിരലടയാള വിദഗ്തരും പോലീസിലെ മാവോയിസ്റ്റ് വിരുദ്ധ സേനയും രണ്ട് ദിവസമായി പ്രദേശത്ത് പരിശോധന തുടരുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം തുടരുകയുമാണെന്ന് ആറളം എസ് ഐ ശുഹൈബ് പറഞ്ഞു. മാധ്യമ പ്രവർത്തകർക്ക് ആറളം വന്യജീവി സങ്കേതം ഓഫീസിനടുത്തുവരെ മാത്രമെ പ്രവേശനം അനുവദിച്ചിരുന്നുള്ളു. തുടർ അന്വേഷണത്തിന്റെ ഭാഗമായി അക്രമവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിഡിയോ ചിത്രീകരണവും നടത്തിയിരുന്നു.