Uncategorized

അല്ലുവിന്‍റെ അറസ്റ്റിന് പിന്നാലെ പുതിയ അവകാശവാദവുമായി സന്ധ്യ തിയറ്റർ, ‘പൊലീസ് സുരക്ഷക്ക് 2ന് അപേക്ഷ നൽകി’

ഹൈദരാബാദ്: പുഷ്പ 2 റിലീസ് വേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുന്റെ അറസ്റ്റുണ്ടായതിന് പിന്നാലെ പുതിയ അവകാശവാദവുമായി അപകടം നടന്ന സന്ധ്യ തിയറ്റർ. അല്ലു അർജുൻ പ്രീമിയർ ഷോക്ക് വരുന്ന കാര്യം തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് പൊലീസ് ആവർത്തിക്കുന്നതിനിടെ, പൊലീസ് സുരക്ഷയ്ക്ക് ഡിസംബർ 2-ന് തന്നെ അപേക്ഷ നൽകിയെന്ന വാദവുമായി തിയറ്റർ മാനേജ്മെന്‍റ് രംഗത്തെത്തി.

ഡിസംബർ 4-നാണ് പ്രീമിയർ ഷോയ്ക്ക് തൊട്ട് മുൻപ് തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത്. എന്നാൽ ഡിസംബർ 2-ന് തന്നെ അല്ലു വരുന്ന വിവരം അറിയിച്ചിരുന്നുവെന്നാണ് ഇപ്പോൾ സന്ധ്യ തിയറ്റർ മാനേജ്മെന്‍റ് പറയുന്നത്. എന്നാൽ പുറത്ത് വിട്ട കത്തിൽ പേന കൊണ്ട് എഴുതിയ തരത്തിലാണ് തീയതി ഉള്ളത്. കത്തിന്‍റെ ആധികാരികത ഉറപ്പ് വരുത്തണമെങ്കിൽ ഇനി പൊലീസ് വിശദീകരണം നൽകണം.

അല്ലു അർജുൻ പ്രീമിയർ ഷോയ്ക്ക് വരുന്ന കാര്യം സന്ധ്യ തിയറ്റർ മാനേജ്മെന്‍റ് അറിയിക്കാൻ വൈകിയെന്ന് നേരത്തെ പൊലീസ് ആരോപിച്ചിരുന്നു. തിയറ്റ‍ർ ഉടമകളെ പൊലീസ് കേസിൽ അറസ്റ്റും ചെയ്തിരുന്നു. ഇന്ന് അല്ലു അർജുനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുനെതിരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് അല്ലുവിനെതിരെ ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 105, 118(1) വകുപ്പുകൾ പ്രകാരം 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാം.

ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് അല്ലു അർജുനെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് എത്തിയപ്പോൾ അല്ലു അർജുൻ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വിവരം. കിടപ്പ് മുറിയിൽ നിന്ന് വിളിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് എന്തിനെന്ന് അല്ലു അർജുൻ ചോദിച്ചു. പ്രാതൽ കഴിക്കാൻ സമയം തരണം എന്ന് ആവശ്യപ്പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥരുമായി ചെറിയ വാക്കേറ്റമുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button