150 വര്‍ഷത്തെ പഴക്കം, 18.00 സെന്‍റ് വസ്തു; തുമ്പിക്കോട്ടുകോണം ക്ഷേത്രത്തിന്‍റെ കരമടയ്ക്കാൻ ആദർശിന് അനുമതി
തിരുവനന്തപുരം: നൂറ്റമ്പത് വർഷത്തിലേറെ പഴക്കമുള്ള തന്‍റെ കുടുംബക്ഷേത്രമായ തുമ്പിക്കോട്ടുകോണം മാടൻനട ദേവീക്ഷേത്രം പുനരുദ്ധാരണം ചെയ്യുന്നതിന്‍റെ ഭാഗമായി ക്ഷേത്ര വസ്തുവിന്‍റെ കരം അടയ്ക്കാനുള്ള ശ്രമത്തിലായിരുന്നു ആറ്റിങ്ങൽ കരിച്ചൽ സ്വദേശി ആദർശ്. പല തലമുറകൾ കൈകാര്യം ചെയ്തു വന്ന ക്ഷേത്ര വസ്തുവിന്റെ രേഖകൾ കൈമോശം വന്നതിനെ തുടർന്ന് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഇതിൽ റവന്യൂ വകുപ്പ് നടപടികൾ സ്വീകരിച്ചുവരികയായിരുന്നു.
കാലപ്പഴക്കം മൂലം പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിൽ സ്വീകരിക്കേണ്ടത് ആവശ്യമായതിനാൽ ഇക്കാര്യം അദാലത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് മുന്നിൽ ആദർശ് അവതരിപ്പിച്ചു. ആദർശിന്‍റെ ബുദ്ധിമുട്ട് മനസിലാക്കിയ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
വില്ലേജ് ഓഫീസിൽ നിന്നും നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അവനവഞ്ചേരി വില്ലേജിൽ സർവെ 1454 ൽപ്പെട്ട 18.00 സെന്‍റ് വസ്തു തുമ്പിക്കോട്ടുകോണം മാടൻനട ദേവിക്ഷേത്രത്തിന്‍റെ പേരിൽ കരമൊടുക്കി നൽകുന്നതിനുള്ള അനുമതി മന്ത്രി വേദിയിൽ വച്ചു തന്നെ ഉത്തരവാക്കി നൽകി. അവനവഞ്ചേരി വില്ലേജ് ഓഫീസിൽ കരമടയ്ക്കുന്നതിനുള്ള ഉത്തരവാണ് ആദർശിന് ലഭിച്ചത്.