Uncategorized

വ്യാഴാഴ്ച രാവിലെ 8.30 മുതൽ 24 മണിക്കൂറിൽ പെയ്തത് 68 മില്ലിമീറ്റർ; ഈ മണ്ഡലകാലത്തെ ഏറ്റവും കനത്ത മഴ ശബരിമലയിൽ

പത്തനംതിട്ട: ഡിസംബർ 12, 13 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ ശബരിമലയിൽ പെയ്തത് ഈ വർഷം മണ്ഡലകാലം തുടങ്ങിയശേഷമുള്ള കനത്ത മഴ. വ്യാഴാഴ്ച രാവിലെ 8.30 മുതൽ 24 മണിക്കൂറിൽ സന്നിധാനത്ത് പെയ്തത് 68 മില്ലിമീറ്റർ മഴ. ഇത്‌ ഇക്കാലയളവിലെ ഏറ്റവും കൂടിയ മഴയാണ്. അതേസമയം നിലയ്ക്കലിൽ 73 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

വെള്ളിയാഴ്ച രാവിലെ 8.30 നും ഉച്ച 2.30 നും ഇടയിൽ സന്നിധാനത്ത് 14.6 മില്ലിമീറ്റർ മഴ ലഭിച്ചു. ഇതേസമയം സമയം നിലയ്ക്കലിൽ 1.6 മില്ലിമീറ്ററും പമ്പയിൽ 12.6 മില്ലിമീറ്ററുമാണ് മഴ രേഖപ്പെടുത്തിയത്. പത്തനംതിട്ട ജില്ലയിൽ വ്യാഴാഴ്ച റെഡ് അലർട്ടും വെള്ളിയാഴ്ച ഓറഞ്ച് അലർട്ടുമായിരുന്നു. കനത്ത മഴയെ തുടർന്ന് ശബരിമലയിലേക്കുള്ള കാനനപാതകളിൽ ഇതുവരെ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

പാതകളിൽ വഴുക്കൽ കാരണം തെന്നി വീഴാൻ സാധ്യത ഉള്ളതിനാൽ ഭക്തർ അതീവ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ പറഞ്ഞു. ഇന്ന് വൈകീട്ട് മൂന്ന് മണിക്കുള്ള അറിയിപ്പു പ്രകാരം ആറാട്ട് കടവ് വിസിബിയിലെ ഇരുകരയിലെയും ഷട്ടറുകൾ പരമാവധി ഉയർത്തി. കൂടാതെ മറ്റ് 5 ഷട്ടറുകൾ കൂടി ഉയർത്തി മാറ്റിവെച്ചു. കേരള ജല അതോറിറ്റി വിസിബിയിലെ ഇടതുകരയിലെ ഷട്ടർ 1.20 മീറ്റർ ഉയർത്തുകയും മധ്യഭാഗത്തെ രണ്ട് ഷട്ടറുകൾ ഉയർത്തി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ തീര്‍ത്ഥാടകര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button