മണിയാർ കരാർ നീട്ടിനൽകുന്നത് അഴിമതി, 30 വർഷത്തേക്കുള്ള കരാറാണ് കാർബൊറാണ്ടം കമ്പനിക്ക് നൽകിയത്: ചെന്നിത്തല
കോഴിക്കോട്: മണിയാർ വൈദ്യുത പദ്ധതി കരാർ കാർബൊറണ്ടം ഗ്രൂപ്പിന്‍റെ താത്പര്യത്തിന് അനുകൂലമായി നീട്ടി നൽകാനുള്ള സർക്കാർ നീക്കത്തിൽ വ്യവസായ മന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. 30 വർഷത്തേക്കുള്ള ബിഒടി കരാർ ആണ് കാർബൊറാണ്ടം കമ്പനിക്ക് നൽകിയത്. കമ്പനിക്ക് കരാർ നീട്ടി നൽകുന്നത് അഴിമതിയാണ്. ധാരണാ പത്രം പാലിച്ചിട്ടില്ല. കെ എസ് ഇ ബിക്ക് പദ്ധതി കൈമാറണം എന്ന് വൈദ്യുത ബോർഡ് നൽകിയ കത്തിന്റെ പകർപ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
30 വർഷം കഴിയുമ്പോൾ മണിയാർ പദ്ധതി സർക്കാരിന് കൈമാറണം എന്നാണ് ധാരണ. ഡിസംബർ 30ന് 30 വർഷം പൂർത്തിയാകും. 21 ദിവസം മുൻപ് ഇതിനു കമ്പനിക്ക് നോട്ടീസ് കൊടുക്കണം. ആ നോട്ടീസ് സർക്കാർ കൊടുത്തിട്ടില്ല. ഈ കമ്പനിക്ക് 25 വർഷം കൂടി കൊടുക്കുന്നത് അഴിമതിയാണെന്ന് ചെന്നിത്തല വിമർശിച്ചു.
വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും വൈദ്യുത മന്ത്രിയെ നോക്കുത്തിയാക്കിയിരിക്കുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പറയുന്നിടത്ത് ഒപ്പിട്ടു കൊടുക്കുന്ന വൈദ്യുത മന്ത്രി ആ സ്ഥാനത്ത് തുടരണോയെന്ന് ചെന്നിത്തല ചോദിച്ചു. വ്യവസായ മന്ത്രി സ്വകാര്യ കമ്പനിക്ക് കൊള്ള ലാഭം ഉണ്ടാക്കാൻ കൂട്ടുനിൽക്കുന്നു. കോടികളുടെ അഴിമതിയാണ് നടക്കുന്നത്. കമ്പനിയുമായുള്ള 91ലെ കരാറിൽ, കരാർ പുതുക്കി കൊടുക്കാം എന്ന് പറഞ്ഞിട്ടില്ല. വെള്ളപ്പൊക്കം ഉണ്ടായ സമയത്ത് ഒരു നാശനഷ്ടവും കമ്പനിക്ക് ഉണ്ടായിട്ടില്ല. നാശനഷ്ടം ഉണ്ടായെങ്കിൽ ഇൻഷുറൻസ് ഇല്ലേ, അത് ഈടാക്കാമല്ലോയെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ 12ഓളം ജല പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. മണിയാറിൽ കരാർ നീട്ടികൊടുത്താൽ മറ്റുള്ളവർക്കും നീട്ടി കൊടുക്കേണ്ടി വരും. ജന താല്പര്യത്തിന് പകരം മുതലാളിമാരുടെ താല്പര്യം ആണ് വ്യവസായ വകുപ്പ് സംരക്ഷിക്കുന്നത്. വൈദ്യുത വകുപ്പ് ഭരിക്കുന്നത് സിപിഎം ആണ്. വൈദ്യുത മന്ത്രിക്ക് വലിയ റോൾ ഇല്ലെന്നും ചെന്നിത്തല വിമർശിച്ചു.