ബിജെപിയെ കടന്നാക്രമിച്ച് പാർലമെന്റിൽ പ്രിയങ്കയുടെ കന്നിപ്രസംഗം; ‘ഭരണഘടനാ അട്ടിമറി ശ്രമം,അദാനിക്കും കൊട്ട്’
ദില്ലി: വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ കന്നി ലോക്സഭ പ്രസംഗം ഭരണഘടനയിന്മേൽ നടന്ന ചർച്ചയിന്മേൽ. പാർലമെന്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് തുടങ്ങിയ പ്രിയങ്ക, അദാനി, കർഷക, മണിപ്പൂർ സംഭൽ വിഷയങ്ങൾ ഉയർത്തി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. ഒരുവേളയിൽ പ്രസംഗത്തിൽ ഇടപെട്ട് ചർച്ച ഭരണഘടനയിന്മേലാണെന്നടക്കം സ്പീക്കർ ഓർപ്പിച്ചെങ്കിലും, തെരഞ്ഞെടുപ്പ് അട്ടിമറി നീക്കങ്ങളടക്കം സഭയിൽ ആദ്യ പ്രസംഗത്തിൽ ഉന്നയിക്കാൻ പ്രിയങ്കയ്ക്ക് കഴിഞ്ഞു.
ഭാരതത്തിന്റേത് പുരാതന സംസ്കാരമാണ്. വേദങ്ങളിലും, പുരാണങ്ങളിലും, സൂഫി ഗ്രന്ഥങ്ങളിലുമെല്ലാം നമ്മുടെ പാരമ്പര്യം പരാമർശിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടന. നമ്മുടെ ജനതക്ക് തുല്യതയും, ശബ്ദം ഉയർത്താനുള്ള അവകാശവും ഭരണഘടന നൽകുന്നു. എന്നാൽ പലയിടങ്ങളിലും ദുർബല ശബ്ദങ്ങളെ അടിച്ചമർത്തുന്നു.
സംഭൽ വിഷയം പാർലമെന്റിൽ ഉന്നയിച്ച പ്രിയങ്ക, കൊല്ലപ്പെട്ടവരുടെ കുടുബത്തെ കണ്ടത് സഭയിൽ പരാർമർശിച്ചു. കൊല്ലപ്പെട്ടത് വലിയ സ്വപ്നങ്ങളുള്ളവരായിരുന്നു. 17 വയസുള്ള അദ്നാൻ എന കുട്ടി ഡോക്ടറാകണമെന്ന ആഗ്രഹം പങ്കുവച്ചു. അവനെ അത് പറയാൻ പ്രേരിപ്പിക്കുന്നത് ഭരണഘടന നൽകുന്ന ശക്തിയാണ്. ഈ സർക്കാർ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഭരണഘടനയുടെ ശക്തി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ സർക്കാർ തിരിച്ചറിഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാൻ എന്തൊക്കെ തന്ത്രങ്ങൾ ബിജെപി പ്രയോഗിച്ചു? ഈ സർക്കാർ എന്തുകൊണ്ട് ജാതി സെൻസസിനെ ഭയക്കുന്നുവെന്ന ചോദ്യമുയർത്തിയ പ്രിയങ്കാ ഗാന്ധി ഭരണഘടനയെ ദുർബലപ്പെടുത്താൻ എല്ലാ വഴികളും ഈ സർക്കാർ തേടുകയാണെന്നും കുറ്റപ്പെടുത്തി. ഭരണഘടനയെ അട്ടിമറിക്കാനുളള ശ്രമത്തെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്നും പ്രിയങ്ക സഭയിൽ ആവർത്തിച്ചു.