ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുക 2034ലെന്ന് സൂചന; തയ്യാറെടുപ്പിന് സമയം വേണമെന്ന് തെര. കമ്മീഷൻ
ദില്ലി : ശക്തമായ എതിർപ്പുകൾക്കിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാനൊരുങ്ങി കേന്ദ്രം. കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചതിന് പിന്നാലെയാണ് ബില്ലിന് മന്ത്രിസഭ പച്ചക്കൊടി നൽകിയത്. പക്ഷേ നിയമം 2034 ൽ മാത്രമേ നടപ്പാക്കാനാകൂവെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ബില്ല് പ്രകാരം ആദ്യ വിജ്ഞാപനം 2029 ലെ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും. ബില്ല് പാസാക്കിയ ശേഷം 4 വർഷം തയ്യാറെടുപ്പിന് വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനെ അറിയിച്ചു.
പാര്‍ലമെന്‍റിലേക്കും നിയമസഭകളിലേക്കും ഒറ്റതെരഞ്ഞെടുപ്പ് നടത്താനുള്ള രണ്ട് ഭരണഘടനാ ഭേദഗതി ബില്ലുകളാണ് മന്ത്രിസഭ അംഗീകരിച്ചത്. ലോക്‌സഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നത് തെരഞ്ഞെടുപ്പുകളുടെ ചെലവുകൾ കുറയ്ക്കാനെന്നാണ് കേന്ദ്രത്തിന്റെ വാദം. ആദ്യഘട്ടത്തിൽ ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനാണ് നീക്കം. അടുത്ത ഘട്ടത്തിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പ് കൂടി ചേർക്കും. ഇതിനായി പൊതുവോട്ടർപട്ടിക നടപ്പാക്കണം. നിയമസഭകളുടെ കാലാവധി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യണം. ഒറ്റത്തെരഞ്ഞെടുപ്പ് നടപ്പാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാർലമെന്റിൽ ബില്ല് പാസാക്കേണ്ടതുണ്ട്. എംപിമാരുടെ സഖ്യയാണ് ഭരണപക്ഷത്തിന് വെല്ലുവിളി. നിലവിൽ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ ബില്ല് പാസാക്കാൻ കൂടുതൽ പാർട്ടികളുടെ പിന്തുണ ആവശ്യമാണ്.