ഇരിട്ടി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സൗജന്യ വാഹന സേവനവുമായി സേവാഭാരതി കീഴൂർ യൂണിറ്റും രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിൽ മീത്തലെ പുന്നാട്, തില്ലങ്കേരി യൂണിറ്റുകൾ സൗജന്യ വാഹന സേവനങ്ങളുമായി രംഗത്തെത്തിയിരുന്നു. കോവിഡ് സ്ഥിരീകരിക്കുന്നവർ, ക്വാറന്റീനിൽ കഴിയുന്നവർ , രോഗം സംശയിക്കുന്നവർ എന്നിവർക്ക് ആശുപത്രികളിലും മറ്റും എത്താൻ ഏതു നേരവും ഇവരുടെ സേവനം ലഭിക്കും. കീഴൂർ യൂണിറ്റിനായി വിലക്കെടുത്ത വാഹനത്തിന്റെ താക്കോൽ ദാനകമ്മം കീഴൂരിൽ നടന്ന ചടങ്ങിൽ ബി ജെ പി മണ്ഡലം പ്രസിഡന്റ് എം. ആർ. സുരേഷ് വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മിക്ക് കൈമാറി നിർവഹിച്ചു. ചാവശ്ശേരിയിലെ സന്നദ്ധ സംഘടനയായ സമർപ്പണ പി പി കിറ്റുകളും അനുബന്ധ ഉപകരണങ്ങളും സേവാഭാരതിക്ക് കൈമാറി. ബിജെപി മണ്ഡലം സെക്രട്ടറി പ്രിജേഷ് അളോറ , എ. പത്മനാഭൻ , കെ. കുഞ്ഞി നാരായണൻ , കെ. ജയപ്രകാശ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സേവാ ഭാരതിയുടെ നേതൃത്വത്തിൽ കോവിഡ് രോഗികളുള്ള വീടുകളിൽ ഭക്ഷ്യകിറ്റുകളും പഴവർഗ്ഗങ്ങളും വിതരണം ചെയ്തു വരുന്നു. ജീവൻ രക്ഷാ മരുന്നുകളും വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട് . രോഗ മുക്തി നേടിയവരുടെ വീടുകൾ അണു വിമുക്ത മാക്കുന്നതിനായും സന്നദ്ധപ്രവർത്തകർ സംവിധാനമൊരുക്കിയിട്ടുണ്ട്. വാഹനമുൾപ്പെടെയുള്ള അവശ്യ സേവനങ്ങൾക്കായി സേവാ ഭാരതി കീഴൂർ കോവിഡ് ജാഗ്രതാ സമിതിയുടെ 9072280388 , 8848053976 , 8075092714 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.