പരിശോധന കണ്ട് ഓട്ടോയുമായി കടന്നുകളയാൻ ശ്രമം, യുവാവിനെ സാഹസികമായി പിടികൂടി; കൈവശം 54 ലിറ്റർ മാഹി മദ്യം
കണ്ണൂർ: കണ്ണൂർ പിണറായിയിലെ പടന്നക്കരയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 54 ലിറ്റർ മാഹി മദ്യവുമായി ഒരാൾ പിടിയിൽ. പള്ളൂർ സ്വദേശി രജീഷ് കെയാണ് അറസ്റ്റിലായത്. ക്രിസ്മസ് – പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടന്ന പരിശോധനയിലാണ് മദ്യം പിടികൂടിയത്. പരിശോധന കണ്ട് മദ്യം കടത്തിക്കൊണ്ട് വന്ന ഓട്ടോറിക്ഷയുമായി കടന്നുകളയാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു.
കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി പ്രമോദന്‍റെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) മാരായ പ്രജീഷ് കോട്ടായി, സതീഷ് വെള്ളുവക്കണ്ടി, ബിജു കെ, സിവിൽ എക്സൈസ് ഓഫീസർ ജിജീഷ് ചെറുവായി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീവ് കെ കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
അതിനിടെ പത്തനാപുരത്ത് 4 ലിറ്റർ ചാരായവുമായി കടുവാത്തോട് സ്വദേശി ജലാലുദ്ദീൻ (57 വയസ്) പിടിയിലായി. പത്തനാപുരം എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അനിൽ വൈ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപൻ മുരളി, അരുൺ ബാബു, സുഹൈൽ, അഭിൽജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ സ്നേഹ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുഹമ്മദ് ആഷിക് എന്നിവരും പങ്കെടുത്തു.