ഇനി ഓട്ടോയിൽ കയറാൻ കൂടുതൽ തുക നൽകണം; മിനിമം യാത്രാനിരക്ക് 36 രൂപയാക്കി വര്‍ധിപ്പിച്ചു, പുതുക്കിയ നിരക്ക് ബാധകമാകുക ബെംഗളൂരു നഗര പരിധിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ റിക്ഷ നിരക്ക് വര്‍ധിപ്പിച്ചു. ആദ്യ രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിനുള്ള മിനിമം നിരക്ക് 36 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. നേരത്തെ ഇത് 30 രൂപയായിരുന്നു. ആറു രൂപയാണ് വര്‍ധിപ്പിച്ചത്. ആദ്യത്തെ രണ്ടു കിലോമീറ്ററിനുശേഷം പിന്നീടുള്ള ഒരോ കിലോമീറ്ററിനുള്ള നിരക്ക് 18 രൂപയായും വര്‍ധിപ്പിച്ചു.
നേരത്തെ ഇത് 15 രൂപയായിരുന്നു. മൂന്നു രൂപയാണ് ഒരോ കിലോമീറ്ററിനുമുള്ള നിരക്കിലെ വര്‍ധനവ്. ആഗസ്റ്റ് ഒന്ന് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ബെംഗളൂരു അര്‍ബൻ ജില്ലയിലെ ഡിസ്ട്രിക്ട് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ബൃഹത് ബെംഗളൂരു നഗര പാലികെ (ബിബിഎംപി) പരിധിയിലായിരിക്കും പുതിയ ഓട്ടോറിക്ഷ മീറ്റര്‍ നിരക്ക് ബാധകമാകുക.
ഇന്നലെയാണ് റീജ്യണൽ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വെയിറ്റിങ് ചാര്‍ജിൽ മാറ്റമില്ല. ആദ്യത്തെ അഞ്ചുമിനുട്ട് വെയിറ്റിങ് സൗജന്യമായിരിക്കും. അതിനുശേഷമുള്ള ഒരോ പതിനഞ്ച് മിനുട്ടിനും പത്തു രൂപയാണ് വെയിറ്റിങ് ചാര്‍ജ്. യാത്രക്കാര്‍ക്ക് 20 കിലോ വരെയുള്ള ലഗേജ് നിരക്കില്ലാതെ ഓട്ടോയിൽ കയറ്റി യാത്ര ചെയ്യാം.




