‘നിലപാട് പറയേണ്ടിടത്ത് ചെല്ലാനും പറയാനും മടിയില്ല’; ഗവർണറുടെ പരിപാടി ബഹിഷ്‌കരിച്ചെന്ന വാർത്ത തള്ളി മന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ പരിപാടി ബഹിഷ്‌കരിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി മന്ത്രി വി ശിവന്‍കുട്ടി. മന്ത്രിസഭാ യോഗം നീണ്ടുപോയതിനാലാണ് ഇന്നലെ മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതെന്നും അത് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. നിലപാട് പറയേണ്ടിടത്ത് ചെല്ലാനും പറയാനുള്ളത് പറയാനും ഇന്നലെ മടിച്ചിട്ടില്ല, ഇന്ന് മടിക്കുന്നുമില്ല, നാളെ മടിക്കുകയുമില്ലെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഗവര്‍ണറുടെ പരിപാടി വീണ്ടും ബഹിഷ്‌കരിച്ച് മന്ത്രി വി ശിവന്‍കുട്ടി എന്ന മട്ടില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നുണ്ട്. മന്ത്രിസഭാ യോഗം നീണ്ടുപോയതിനാല്‍ ആണ് ഇന്നലെ മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്.അത് ഇന്നലെ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒരു കാര്യം വീണ്ടും വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. നിലപാട് പറയേണ്ടിടത്ത് ചെല്ലാനും പറയാനുള്ളത് പറയാനും ഇന്നലെ മടിച്ചിട്ടില്ല, ഇന്ന് മടിക്കുന്നുമില്ല, നാളെ മടിക്കുകയുമില്ല.
വ്യാഴാഴ്ച മസ്‌ക്കറ്റ് ഹോട്ടലില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്‌കരിച്ചുവെന്നായിരുന്നു വാര്‍ത്ത. ഫസ്റ്റ് എയ്ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സംഘടനയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മന്ത്രി വി ശിവന്‍കുട്ടിയെ അധ്യക്ഷനായും ഗവര്‍ണറെ ഉദ്ഘാടകനുമായായിരുന്നു നിശ്ചയിച്ചിരുന്നത്. രാജ്ഭവനില്‍ സംഘടിപ്പിച്ച സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടി ബഹിഷ്‌കരിച്ച മന്ത്രി ഗവര്‍ണര്‍ പങ്കെടുത്ത മറ്റൊരു പരിപാടിയും ബഹിഷ്‌കരിച്ചു എന്ന നിലയിലായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതോടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.




