22.8 C
Iritty, IN
September 19, 2024
  • Home
  • Kerala
  • യൂറി ഗഗാറിന്റെ ബഹിരാകാശയാത്ര എന്ന മഹാസംഭവത്തിന് അറുപതു വയസ്സ്‌………….
Kerala

യൂറി ഗഗാറിന്റെ ബഹിരാകാശയാത്ര എന്ന മഹാസംഭവത്തിന് അറുപതു വയസ്സ്‌………….

ഏറെ പ്രാധാന്യമുള്ള സ്പുട്നിക് എന്ന ആദ്യ ബഹിരാകാശ പേടകത്തിനു സമാനമത്രെ ഗഗാറിന്റെ ബഹിരാകാശപ്രവേശം. അന്നത്തെ യാത്രയിൽ ഗഗാറിന്റെ വസ്തോക്ക് പേടകം ഭൂമിയെ ഒരു ഭ്രമണത്തിലും അൽപ്പംമാത്രം അധികവും വലംവച്ചു. ഇന്നത്തെ ബഹിരാകാശ നേട്ടങ്ങളും ബഹിരാകാശ പരിപാടികളുമായി താരതമ്യം ചെയ്യുമ്പോൾ ഗഗാറിന്റെ അന്നത്തെ യാത്രയ്‌ക്ക് വലിയ ആശ്ചര്യമൊന്നും തോന്നില്ല. എന്നാൽ, ബഹിരാകാശത്ത് ചെന്നാൽ മനുഷ്യന് എത്ര സെക്കൻഡ്‌ നേരം ജീവനോടെ ഇരിക്കാൻ സാധിക്കുമെന്നുപോലും അറിയാത്ത കാലത്ത്‌ ഉൽക്കകൾകൊണ്ട് പേടകം തകരുമെന്നും ബഹിരാകാശ റേഡിയേഷൻ മനുഷ്യന് ഹാനികരമാണെന്നും മനുഷ്യൻ വിശ്വസിച്ചിരുന്ന കാലത്ത് ഗഗാറിന്റെ യാത്ര മാനവരാശിയുടെ ചരിത്രംതന്നെ തിരുത്തിക്കുറിച്ച മഹാസംഭവം തന്നെയായിരുന്നു. ഗഗാറിന്റെ യാത്രയുടെ അറുപതാം വാർഷികം ആഘോഷിക്കുമ്പോൾ അന്നത്തെ യാത്രയിലേക്ക്‌ ഒന്നു തിരിഞ്ഞുനോക്കാം. പ്രശസ്തരായ ലോകനേതാക്കളുടെ കൂട്ടത്തിലും ചരിത്രത്തിലെ മഹാന്മാരായ ചക്രവർത്തിമാരുടെ കൂട്ടത്തിലും നൊബേൽ ജേതാക്കളുടെ കൂട്ടത്തിലും ഒന്നും പെടാത്ത ഗഗാറിന്റെ പേരറിയാത്ത ആരും ഇല്ലതന്നെ. പുഞ്ചിരിക്കുന്ന മുഖമുള്ള ആ സുന്ദരനെ തിരിച്ചറിയാത്തവരും വിരളം. സോവിയറ്റ്‌ യൂണിയൻ ഒന്നാന്തരം മാറി റഷ്യ വന്നിട്ടും ഗഗാറിന്റെ പ്രശസ്തിക്ക് ഒട്ടും കോട്ടം തട്ടിയില്ല. സോവിയറ്റ് യൂണിയന്റെ എക്കാലത്തെയും വിജയമുദ്രയായി, റഷ്യൻ രാജ്യസ്നേഹത്തിന്റെ ചരമപ്രതീകമായി ഗഗാറിൻ വിരാജിക്കുന്നു.

നാസി അധിനിവേശപ്രദേശത്ത് മരപ്പണിക്കാരന്റെ പുത്രനായി ജനിച്ച ഗഗാറിൻ പട്ടാളക്കാരനാകുന്നതിനുമുമ്പ് ഇരുമ്പു ഖനിയിൽ പരിശീലനം നേടിയിരുന്നു. വിജയകരമായ ആദ്യയാത്ര ഗഗാറിനെ പ്രശസ്തനാക്കിയതിനും എത്രയോ അധികം സോവിയറ്റ് യൂണിയന്റെ സാങ്കേതികമികവായി മാറി. അധീശത്വത്താലും മഹായുദ്ധങ്ങളിലും കഷ്ടപ്പെട്ട സോവിയറ്റ് യൂണിയൻ വിജയത്തിന്റെ
അടയാളമായാണ് ഗഗാറിനെ ചിത്രീകരിച്ചത്. അത് ഗഗാറിന് മികച്ച പ്രശസ്തിയും നേടിക്കൊടുത്തു.

എന്നാൽ മുപ്പത്തിനാലാമത്തെ വയസ്സിൽ പറത്തിയ മിഗ് വിമാനം ഒരു കാലാവസ്ഥാ ബലൂണിൽ ഇടിച്ചാണ്‌ ഗഗാറിൻ കൊല്ലപ്പെടുന്നത്. ആ അപകടത്തിന്റെ റിപ്പോർട്ട് പൂർണമായും ലഭ്യമല്ലാത്തതിനാൽ ഗഗാറിൻ മദ്യപിച്ചിരുന്നുവെന്നും അതൊരു അപകടമായിരുന്നില്ല, മറിച്ച് ഗഗാറിന്റെ പ്രശസ്തിയിൽ ചിലർ വരുത്തിവച്ച അപകടമാണെന്നും മറ്റും വിവിധ ഭാഷ്യങ്ങളുണ്ട്.

അപകടകരമായ യാത്ര

ആയിരക്കണക്കിന്‌ അപേക്ഷകരിൽ നിന്നാണ് ഗഗാറിൻ ആദ്യ ബഹിരാകാശ ദൗത്യത്തിനായി തെരഞ്ഞടുക്കപ്പെട്ടത്. സ്റ്റീൽ പണിയിൽ പരിശീലനം നേടിയ,
പിന്നീട് പട്ടാളത്തിലെ പൈലറ്റായ ആ ചെറുപ്പക്കാരനെ പരീക്ഷകളിലെ വിജയം മാത്രമല്ല, റഷ്യൻ ആചാര മര്യാദകളും സഹായിച്ചു. കച്ചവട സാധ്യത ഏറെയുണ്ടെന്ന്‌ അറിയാമായിരുന്നിട്ടും തന്റെ പരിശീലനത്തിലെ അവസാന ദിനത്തിലെ പറക്കൽവരെ അസൂയാവഹമായ ആവേശം ഗഗാറിൻ നിലനിർത്തി എന്നതും അദ്ദേഹത്തോടുള്ള ആദരവ്‌ വർധിപ്പിച്ചു. പിഴവുകൾ ഒന്നുമില്ലാത്തതായിരുന്നില്ല ആദ്യത്തെ ബഹിരാകാശ പറക്കൽ. തിരിച്ചിറങ്ങുമ്പോൾ തിട്ടപ്പെടുത്തിയതിലും ഉയരത്തിൽനിന്ന്‌ പതിക്കേണ്ടി വന്നതിനാൽ ഉദ്ദേശിച്ച സ്ഥലത്തല്ല ഇറങ്ങിയത്‌. സ്വന്തം പേടകം ത്യജിച്ച്‌ ഒരു പാരച്യൂട്ടിൽ കൃഷിസ്ഥലത്ത്‌ ഇറങ്ങിയ ഗഗാറിനെ കണ്ട്‌ ഒരു ബാലിക അത്ഭുതപ്പെട്ടുപോയി.

രണ്ടു മണിക്കൂർ നേരത്തെ യാത്രയ്‌ക്കുവേണ്ടി പത്തു ദിവസത്തെ ഭക്ഷണവും വെള്ളവും കരുതിയിരുന്നു. എന്തെങ്കിലും കാരണവശാൽ ഉദ്ദേശിച്ചപോലെ ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു പോംവഴി കണ്ടെത്തുംവരെ ഭ്രമണപഥത്തിൽ തങ്ങണമല്ലോ.
ബഹിരാകാശത്ത്‌ മനുഷ്യന്‌ കൈയും കാലും അനക്കാൻപോലും കഴിയുമോ എന്ന്‌ സംശയമുണ്ടായിരുന്ന കാലത്താണ്‌ ഗഗാറിന്റെ യാത്ര. അതുകൊണ്ട്‌ ഒരു ലിവറും തൊട്ടുപോകരുതെന്നായിരുന്നു ഉത്തരവ്‌. എന്നാൽ, ചില എൻജിനിയർമാർ രഹസ്യമയി ചില ലിവറുകൾ കൈകാര്യം ചെയ്യാൻ പഠിപ്പിച്ചു. ഭ്രമണപഥത്തിലെത്താനുള്ള പേടകമായിരുന്നു ഗഗാറിന്റെ യാത്രയുടെ ആദ്യത്തെ സമസ്യ. രണ്ടു വർഷത്തെ പരീക്ഷണത്തിനുശേഷമാണ്‌ സഞ്ചാരയോഗ്യമായ വസ്‌തോക്‌ രൂപപ്പെടുന്നത്‌. 1960–-61 കാലത്ത്‌ മനുഷ്യനെ കയറ്റാതെ നടത്തിയ ഏഴു പറക്കലിൽ രണ്ടെണ്ണം പരാജയമായിരുന്നു. മനഷ്യനെ കയറ്റി പറത്താൻ ആരും ധൈര്യപ്പെടുമായിരുന്നില്ല എന്നു സാരം. എന്നാൽ, സോവിയറ്റ്‌ യൂണിയന്‌ വിജയംമാത്രം പോരായിരുന്നു. അതുവേഗത്തിൽ വേണമായിരുന്നു.
1961 ഏപ്രിൽ 12ന്‌ മോസ്‌കോ സമയം 9.07ന്‌ ഗഗാറിന്റെ വസ്‌തോക്‌ പറന്നുയർന്നു. വിക്ഷേപണം സമ്പൂർണ വിജയമാണെന്നാണ്‌ അന്ന്‌ എല്ലാവരും പറഞ്ഞിരുന്നത്‌. പിന്നീടാണ്‌ എൻജിൻ കൂടുതൽ വേഗത്തിൽ പ്രവർത്തിച്ചതുകൊണ്ട്‌ പേടകം കൂടുതൽ ഉയരത്തിൽ പോയി എന്നു മനസ്സിലായത്‌. ഭ്രമണപഥത്തിന്റെ ഉയരം കൂടിയാലും കുറഞ്ഞാലും അതു തകരാർതന്നെ. തന്റെ സ്ഥാനം കൃത്യമായി നിർവചിക്കാൻ ഭൂമിയിലെ സുഹൃത്തുക്കളോട്‌ പലതവണ പറഞ്ഞെങ്കിലും അവർ പ്രതികരിച്ചില്ല. തിരിച്ചുവരുമ്പോഴും 40 സെക്കൻഡ്‌ റോക്കറ്റ്‌ ജ്വലിപ്പിച്ചുവെങ്കിലും അവിടെയും തകരാറ്‌. അതിന്റെ കാരണം രഹസ്യമായിരുന്നു.
ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ്‌ ലെനിൻ നൽകി സോവിയറ്റ്‌ യൂണിയൻ ഗഗാറിനെ ബഹുമാനിച്ചു. മാനവരാശിക്ക്‌ ഗഗാറിന്റെ യാത്ര സമ്മാനിച്ച സാങ്കേതിക വിവരങ്ങൾ അതുല്യമായിരുന്നു. മനുഷ്യന്‌ ബഹിരാകാശത്ത്‌ ജീവനോടെ കഴിയാമെന്നും തിരിച്ചുവരാമെന്നും ഗഗാറിന്റെ യാത്ര തെളിയിച്ചു. അതൊരു വലിയ നേട്ടം തന്നെയായിരുന്നു.ഗഗാറിനിൽ ആരംഭിച്ച ബഹിരാകാശയാത്രാ മൽസരമാണ്‌ അമേരിക്കയ്‌ക്ക്‌ പ്രചോദനമായതും അവർ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാൻ കാരണമായതും. ഇതുവരെ 565 മനുഷ്യർ ബഹിരാകാശത്ത്‌ പോയതിലും അവർ മാസങ്ങൾ താമസിച്ചു തിരിച്ചുവന്നതിനുമൊക്കെ കാരണം ഗഗാറിന്റെ യാത്രയാണ്‌. അതിന്റെ വിജയമാണ്‌. അതിന്റെ ഹരമാണ്‌.ലോക രാഷ്‌ട്രീയത്തിലും ഗഗാറിന്റെ യാത്ര വഹിച്ച പങ്ക്‌ ചെറുതല്ല. സ്‌പുട്‌നിക്കിന്റെ വിജയത്തോടെ ആരംഭിച്ച അമേരിക്കയും സോവിയറ്റ്‌ യൂണിയനും തമ്മിലുള്ള ശീതസമരത്തിനും ആക്കംകൂടി. അതിൽ നിന്നാണ്‌ പിൽക്കാലത്തെ ബഹിരാകാശ സഹകരണം നാമ്പിടുന്നത്‌. അന്തർദേശീയ ബഹിരാകാശ നിലയത്തിൽ മനുഷ്യർ പോയി മടങ്ങിവരുമ്പോൾ ആദ്യത്തെ ഗഗന സഞ്ചാരിയായ ഗഗാറിൻ ഒരു വിസ്‌മയമായിത്തന്നെ ബാക്കിയാകുന്നു.
,

Related posts

ബെംഗളൂരുവിലുള്ളത് 10 ലക്ഷം മലയാളികള്‍; ആകെ ഒമ്ബത് ട്രെയിന്‍ സര്‍വീസുകള്‍, അടിയന്തര ഇടപെടലാവശ്യപ്പെട്ട് എ.എ. റഹീമിന്റെ കത്ത്

Aswathi Kottiyoor

ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ്രശ്നം; കേ​ന്ദ്ര​സർക്കാരിന്‍റെ ശ്ര​ദ്ധ​യി​ൽപ്പെടു​ത്തു​ം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

വാർഷിക പദ്ധതിക്ക്‌ അംഗീകാരം ; പ്രതിസന്ധിയിലും വളർച്ച ലക്ഷ്യം

Aswathi Kottiyoor
WordPress Image Lightbox