ബിസ്‌ക്കറ്റിൽ ജീവനുള്ള പുഴു; ബ്രിട്ടാനിയ 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, ഉത്തരവിട്ട് ഉപഭോക്തൃ കോടതി

മുംബൈ: ബ്രിട്ടാനിയയുടെ ബിസ്‌ക്കറ്റ് പായ്ക്കറ്റിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തിയ കേസിൽ നഷ്ടപരിഹരമായി 1.5 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ട് മുംബൈയിലെ ഉപഭോക്തൃ കോടതി. ബിസ്‌ക്കറ്റ് പാക്കറ്റ് വിറ്റ മുംബൈ ചർച്ച്‌ഗേറ്റിലെ കെമിസ്റ്റ് ഷോപ്പും ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡും ചേർന്ന് ഉപഭോക്താവിന് ഉണ്ടായ മാനസിക ബുദ്ധിമുട്ട്, ശാരീരിക അസ്വസ്ഥത എന്നിവയ്ക്ക് നഷ്ടപരിഹാരവും ഒപ്പം 25,000 രൂപ കോടതി ചെലവും സംയുക്തമായി നൽകാനാണ് സൗത്ത് മുംബൈ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്.
2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുംബൈ മീര റോഡ് നിവാസിയായ സ്ത്രീ ചർച്ച്ഗേറ്റ് സ്റ്റേഷനിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് ബ്രിട്ടാനിയയുടെ ഗുഡ് ഡേ ബിസ്ക്കറ്റിന്റെ ഒരു പായ്ക്കറ്റ് വാങ്ങി കഴിച്ചിരുന്നു. കുറച്ച് ബിസ്‌ക്കറ്റുകൾ കഴിച്ച ശേഷമാണ് അവർ ബിസ്‌ക്കറ്റിൽ ജീവനുള്ള പുഴുവിനെ കാണുന്നത്. തുടർന്ന് ശർദ്ദിച്ച് അവശയായ അവരെ ആശുപത്രിയിൽ പ്രവേശിപ്പക്കുകയും ചെയ്തു.
തുടർന്ന്, മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) മുനിസിപ്പൽ ഫുഡ് ലബോറട്ടറിയെ സമീപിച്ച് അവർ ബിസ്ക്കറ്റ് പരിശേധനയ്ക്ക് വിധേയമാക്കി. 2019 ഓഗസ്റ്റിൽ അവര്ർക്ക് ലഭിച്ച റിപ്പോർട്ടിൽ ബിസ്ക്കറ്റിൽ ബാഹ്യവസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതോടെ അവർ ബ്രിട്ടാനിയ കമ്പനിക്ക് നിയമപരമായ നോട്ടീസ് നൽകിയെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ല, തുടർന്ന് അവർ കമ്മീഷനെ സമീപിച്ചു. മലിനമായ ബിസ്‌ക്കറ്റിന്റെ വിൽപ്പന ഉപഭോക്തൃ വിശ്വാസത്തിന്റെയും ഭക്ഷ്യ സുരക്ഷാ നിയമങ്ങളുടെയും ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് കമ്മീഷൻ പറഞ്ഞു.




