വാളയാറിലെ അമ്മ നീതിയാത്ര നിറുത്തി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് മത്സരിക്കും. തൃശൂരിൽ വാർത്താ സമ്മേളനത്തിലാണ് അവർ ഇത് പ്രഖ്യാപിച്ചത്. മക്കൾക്ക് നീതി കിട്ടാൻ വേണ്ടിയും എല്ലാ അമ്മമാർക്കും വേണ്ടിയാണ് താൻ മത്സരിക്കുന്നത്.
നീതിയെ പറ്റി മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കണം, അതിനാണ് ധർമടത്ത് തന്നെ മത്സരിക്കുന്നത്. നീതിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ കാല് വരെ പിടിച്ചു. അദ്ദേഹം വാക്ക് പാലിച്ചില്ല. കേസന്വേഷണത്തിൽ കുറ്റകരമായ വീഴ്ച വരുത്തിയവർക്ക് സ്ഥാനക്കയറ്റം കൊടുക്കുകയാണ് ചെയ്തത്. ഇതിനെ പറ്റി മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള അവസരമാണിത്.
നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണ ഇല്ല. സംഘപരിവാറിന്റെ പിന്തുണ വേണ്ട. യു.ഡി.എഫ് അടക്കമുള്ള മതേതരപാർട്ടികളുടെ പിന്തുണ വാങ്ങും. മാധ്യമങ്ങൾ എന്റെ മുഖം മറയ്ക്കേണ്ട. ജാഥ മാത്രമേ നിറുത്തുന്നുള്ളൂ, സമരം തുടരുമെന്നും അവർ പറഞ്ഞു.