Uncategorized

കൊക്കെയ്ൻ കേസിൽ നടൻ ശ്രീകാന്ത് ജൂലൈ ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ; ഉപയോഗത്തിന് തെളിവെന്ന് പൊലീസ്

ചെന്നൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജൂലൈ 7 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊക്കെയ്ൻ ഉപയോഗിച്ചതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും ശ്രീകാന്ത് അറസ്റ്റിലായത്.

ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയെന്നും ഉപയോഗിച്ചെന്നുമുള്ള വ്യക്തമായ തെളിവുകൾ ലഭിച്ചതായാണ് ചെന്നൈ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. മയക്കുമരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാടുകളുടെ വിവരങ്ങളും കണ്ടെത്തിയതായും, മയക്കുമരുന്ന് വിതരണക്കാരുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചാറ്റ് രേഖകൾ, സാമ്പത്തിക കൈമാറ്റങ്ങൾ, ഫോൺ ഡാറ്റ എന്നിവ തെളിവുകളിൽ ഉൾപ്പെടുന്നുവെന്നും പൊലീസ് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. പരിശോധനയ്ക്കയച്ച രക്തസാമ്പിളുകളിൽ മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്.

തമിഴ്നാടിനകത്തും പുറത്തും പ്രവർത്തിക്കുന്ന ഒരു മയക്കുമരുന്ന് കാർട്ടലിലെ അറിയപ്പെടുന്ന അംഗങ്ങളുമായി ശ്രീകാന്തിനുള്ള ബന്ധങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്. നുങ്കമ്പാക്കം പൊലീസ് സ്റ്റേഷനിൽ നടനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമായിരുന്നു ശ്രീകാന്തിന്റെ അറസ്റ്റ്.

കൊക്കെയ്ൻ കൈവശം വെച്ചതിന് അറസ്റ്റിലായ പ്രദീപ്, ഘാന സ്വദേശിയായ ജോൺ എന്നിവരിൽ നിന്നായിരുന്നു കേസിന്റെ തുടക്കം. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്ന് എഐഎഡിഎംകെ. മുൻ അംഗം പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ഒരു പബ്ബിലുണ്ടായ സംഘർഷത്തെത്തുടർന്നാണ് പ്രസാദ് അറസ്റ്റിലായത്. ഈ സംഭവമാണ് വിപുലമായ മയക്കുമരുന്ന് വിതരണ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവന്നതെന്ന് പോലീസ് പറയുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് നിരവധി പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ശ്രീകാന്തിന്റെ പേരും ഉയർന്നുവന്നത്. 2002-ൽ ‘റോജ കൂട്ടം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശ്രീകാന്ത്, ശങ്കർ സംവിധാനം ചെയ്ത ‘നൻപൻ ഉൾപ്പെടെ ഏകദേശം 70 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button