വിമാനത്തിൽ കൊച്ചിയിലെത്തിയ യുവാവിൻ്റെ ട്രോളി ബാഗിൽ നിറയെ ഭക്ഷണപൊതികൾ; തുറന്നപ്പോൾ കിട്ടിയത് ഹൈബ്രിഡ് കഞ്ചാവ്
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യുവാവിനെ കസ്റ്റംസ് പിടികൂടി. ബാങ്കോക്കിൽ നിന്നും കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശിയായ ഉസ്മാനാണ് പിടിയിലായത്. തായ് എയർവേസ് വിമാനത്തിൽ കൊച്ചിയിലെത്തിയ ഇയാളുടെ ബാഗിനകത്ത് നിന്ന് മൂന്നര കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തി.
വിവിധ ഭക്ഷണ പൊതികൾ സൂക്ഷിച്ചിരുന്ന ബാഗിൽ ഏറ്റവും അടിയിലായാണ് ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെട്ട പൊതികൾ സൂക്ഷിച്ചിരുന്നത്. 13 കിലോയോളം വരുന്ന ഹൈബ്രിഡ് കഞ്ചാവ് രണ്ട് പൊതികളിലായാണ് ബാഗിൽ ഉണ്ടായിരുന്നത്. ഇതിന് മുകളിലായി വേറെ ഭക്ഷണ സാധനങ്ങളുടെ പൊതികളും ഉണ്ടായിരുന്നു. സംശയത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസിൻ്റെ പരിശോധന.
നേരത്തെയും ബാങ്കോക്കിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായെത്തിയവർ കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസിൻ്റെ പരിശോധനയിൽ കുടുങ്ങിയിരുന്നു. അതിനാൽ തന്നെ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതാണ് ഇന്ന് ഉസ്മാനും പിടിയിലാകാൻ കാരണം. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.