Uncategorized

സൈനിക നടപടി അവസാനിപ്പിച്ചത് പാകിസ്താൻ അഭ്യർത്ഥിച്ചതുകൊണ്ട്, മധ്യസ്ഥത വേണ്ട’; ട്രംപിനോട് മോദി

ന്യൂ ഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്കയ്ക്ക് യാതൊരു പങ്കും ഇല്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപുമായി ഫോണിൽ സംസാരിക്കവെയാണ് ‘യുഎസ് മധ്യസ്ഥം’ ഇന്ത്യ തള്ളിയത്. പാകിസ്താൻ അഭ്യർത്ഥിച്ചതുകൊണ്ടാണ് സൈനിക നടപടി അവസാനിപ്പിച്ചതെന്നും കശ്മീർ വിഷയത്തിൽ ഇന്ത്യ ഒരു മധ്യസ്ഥ ശ്രമവും ആഗ്രഹിക്കുന്നില്ലെന്നും മോദി നിലപാട് വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റിയുള്ള പൂർണ വിവരങ്ങൾ ട്രംപിനെ അറിയിക്കുകയും ചെയ്തു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തിയ കാര്യം അറിയിച്ചത്.

അരമണിക്കൂറിലധികം ഇരുനേതാക്കളും തമ്മിൽ സംസാരിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നിലപാട് എടുക്കണമെന്നും മോദി ആവശ്യപ്പെട്ടു. താൻ ഇടപെട്ടതുകൊണ്ടാണ് ഇന്ത്യ-പാക് സംഘർഷം അവസാനിച്ചതെന്നും കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യ ഇതെല്ലാം തള്ളുകയായിരുന്നു.പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ പാകിസ്താനെതിരെ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ ഏപ്രിൽ 22ന് ഉച്ചയോടെയായിരുന്നു ഭീകരാക്രമണമുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 26 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍ഡ് ഫ്രണ്ട് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

ഈ ആക്രമണത്തിന് തിരിച്ചടിയായി മേയ് 7ന് പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ പാകിസ്താൻ ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് മിസൈൽ, ഡ്രോൺ, ഷെൽ ആക്രമണങ്ങൾ നടത്തുകയും ഇന്ത്യ തിരിച്ചടിയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യ-പാകിസ്താൻ സംഘർഷം യുദ്ധ സാഹചര്യത്തിലേയ്ക്ക് നീങ്ങിയതിന് പിന്നാലെ വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button