‘അതങ്ങ് മാറ്റിവെച്ചേക്ക്’; നേതൃമാറ്റ ചർച്ചയെന്ന വാർത്ത തള്ളി കെ സുധാകരന്
കണ്ണൂര്‍: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറില്ലെന്ന് കെ സുധാകരന്. അക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രത്യേകം ബോഡിയുണ്ട്. എന്നിട്ടേ തീരുമാനിക്കൂ. അത് നിങ്ങള്‍ അറിയും എന്നും സുധാകരന് പറഞ്ഞു.
‘അത് ഇവിടുന്ന് അല്ലല്ലോ തീരുമാനിക്കുന്നത്. അതിന് വേറെ ബോഡിയുണ്ട്. അവര്‍ ചര്‍ച്ച ചെയ്യും. എന്നിട്ടേ തീരുമാനിക്കൂ. അത് നിങ്ങള്‍ അറിയും. അങ്ങനെ വാര്‍ത്ത എവിടെയും വന്നിട്ടില്ല. നിങ്ങള്‍ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതങ്ങ് മാറ്റിവെച്ചേക്ക്’, പിണറായിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പുനഃസംഘടനാ വാര്‍ത്തകള്‍ സംബന്ധിച്ച ചോദ്യത്തോടായിരുന്നു പ്രതികരണം.
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ശശി തരൂര്‍ എംപി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കെപിസിസി അധ്യക്ഷനെ മാത്രം മാറ്റേണ്ട സാഹചര്യമില്ല. കെ സുധാകരന് മോശം നേതാവാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നുമാണ് തരൂരിന്റെ പ്രതികരണം.
കെപിസിസി പുനഃസംഘടനയ്ക്ക് ഹൈക്കമാന്‍ഡ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ സുധാകരനെ മാറ്റിനിര്‍ത്തി പുനഃസംഘടന നടത്തണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ സുധാകരനെ മാറ്റേണ്ടതില്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.