Uncategorized

ഹരിയാനയിലെ ഭൂമിയിടപാട് കേസില്‍ റോബര്‍ട്ട് വാദ്രയ്ക്ക് വീണ്ടും സമന്‍സ് അയച്ച് ഇ ഡി: ഇന്ന് ഹാജരാകാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ വ്യവസായിയും കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധിയുടെ പങ്കാളിയുമായ റോബര്‍ട്ട് വാദ്രയ്ക്ക് വീണ്ടും സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് (ചൊവ്വാഴ്ച്ച) ഹാജരാകാനാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. വാദ്ര ഇന്ന് ഇ ഡിക്കു മുന്നില്‍ ഹാജരാകുമെന്നാണ് സൂചന. നേരത്തെ ജൂണ്‍ പത്തിന് ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും തീയതി മാറ്റി നല്‍കാന്‍ റോബര്‍ട്ട് വാദ്ര ആവശ്യപ്പെടുകയായിരുന്നു.

ഒളിവില്‍ കഴിയുന്ന ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരി കളളപ്പണം വെളുപ്പിക്കല്‍, വിദേശനാണ്യ നിയമലംഘനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), ആദായനികുതി വകുപ്പ്, ഡല്‍ഹി പൊലീസ് തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണം നേരിടുന്നയാളാണ്. 2016-ല്‍ ഇന്ത്യ വിട്ട ഭണ്ഡാരി ഇപ്പോള്‍ ലണ്ടനിലാണ് ഉളളത്. യുപിഎ ഭരണകാലത്ത് വാദ്രയ്ക്ക് സഞ്ജയ് ഭണ്ഡാരിയുമായി സാമ്പത്തിക ബന്ധമുണ്ടായിരുന്നെന്നും ഷെല്‍ കമ്പനികളെ ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നുമാണ് ഇ ഡിയുടെ ആരോപണം. ഇ ഡിയുടെ വാദം റോബര്‍ട്ട് വാദ്ര നിഷേധിച്ചിരുന്നു.

സഞ്ജയ് ഭണ്ഡാരിയെ ഇന്ത്യയിലെത്തിക്കാനുളള നീക്കം നേരത്തെ തന്നെ ഇന്ത്യ നടത്തിയിരുന്നു. 2022 നവംബറില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഭണ്ഡാരിയെ കൈമാറാന്‍ അനുമതി നല്‍കിയിരുന്നു. 2023-ല്‍ യുകെ ആഭ്യന്തര സെക്രട്ടറി ഈ ഉത്തരവ് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഭണ്ഡാരി യുകെ ഹൈക്കോടതിയില്‍ ഈ തീരുമാനത്തെ ചോദ്യംചെയ്ത് ഹർജി നല്‍കിയിരിക്കുകയാണ്. ഇന്ത്യയിലെത്തിയാല്‍ താന്‍ ജയിലില്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button