വന്യജീവി സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന് വൈകിയെങ്കിലും യാഥാര്‍ത്ഥ്യ ബോധം വന്നത് സ്വാഗതാര്‍ഹം: എം സ്വരാജ്

നിലമ്പൂര്‍: കോണ്‍ഗ്രസ് വന്യജീവി പ്രശ്നം ഉയര്‍ത്തുകയാണെങ്കില്‍ അത് സ്വാഗതാര്‍ഹമാണെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. വൈകിയെങ്കിലും അവര്‍ക്ക് യാഥാര്‍ത്ഥ്യ ബോധം ഉണ്ടാകുന്നത് സ്വാഗതാര്‍ഹമാണെന്നും ഏത് തിരഞ്ഞെടുപ്പിലും നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും എം സ്വരാജ് പറഞ്ഞു. നാടിന്റെ വികസന സാധ്യതകളും പ്രശ്നങ്ങളും ജനക്ഷേമ പദ്ധതികളും ചര്‍ച്ച ചെയ്യുമ്പോഴാണ് തെരഞ്ഞെടുപ്പ് അര്‍ത്ഥപൂര്‍ണമായി മാറുകയെന്നും നിര്‍ഭാഗ്യവശാല്‍ തുടക്കം മുതല്‍ സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ദ്ധയുമുണ്ടാക്കുന്ന രീതിയിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. അതിനെയാണ് തങ്ങള്‍ വിമര്‍ശിച്ചതെന്നും സ്വരാജ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘വന്യജീവി ആക്രമണം നിലമ്പൂര്‍ മണ്ഡലത്തില്‍ സവിശേഷ പ്രാധാന്യമുളളതാണ്. പ്രദേശത്തെ മലയോര കര്‍ഷകര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മലയോര കര്‍ഷകരുടെ ജീവനും കൃഷിവിളകള്‍ക്കും സ്വത്തിനും ഒരു പരിഗണനയും കൊടുക്കാത്തതാണ് വന്യജീവി സംരക്ഷണ നിയമം. അത് ഭേദഗതി ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്’-എം സ്വരാജ് പറഞ്ഞു. ‘കോണ്‍ഗ്രസിന്റെ നേതാക്കന്മാര് മുഖ്യമന്ത്രി നിലമ്പൂരിലേക്ക് വരുമ്പോള്‍ അസ്വസ്ഥരാവുകയാണ്. അവരുടെ പ്രധാനപ്പെട്ട നേതാക്കള്‍ വരുമ്പോള്‍ ഞങ്ങള്‍ അങ്ങനെ ചെയ്യാറുണ്ടോ ? ഒരു മുന്നണിയുടെ പ്രചാരണത്തിന് ആര് വരണമെന്ന് മുന്നണിയല്ലേ തീരുമാനിക്കുക? മുഖ്യമന്ത്രി വന്നപ്പോള്‍ എന്തായിരുന്നു നാടിന്റെ പ്രതികരണം എന്ന് പറയേണ്ടതില്ലല്ലോ. ആ അസ്വസ്ഥതയ്ക്ക് പരിഹാരമൊന്നുമില്ല’.-സ്വരാജ് വ്യക്തമാക്കി.




