Uncategorized

പത്ത് മിനിറ്റ് വ്യത്യാസത്തിൽ ജീവൻ വീണ്ടുകിട്ടി: ഉറ്റവരെ തിരഞ്ഞ് പ്രഹ്ളാദ്; ഞെട്ടൽ മാറാതെ വിദ്യാർത്ഥികൾ

അഹമ്മദാബാദ്: വിമാനദുരന്തത്തിൻ്റെ ആഘാതം പങ്കുവെച്ച് വിമാനം ഇടിച്ച് കയറിയ ബി ജെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളും ജീവനക്കാരും. ഉച്ചഭക്ഷണം കഴിച്ച് സ്‌റ്റെപ്പിറങ്ങുമ്പോള്‍ കാതടിപ്പിക്കുന്ന ഒരു ശബ്ദം കേള്‍ക്കുകയായിരുന്നുവെന്ന് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി കിഷാന്‍ വാലകി പറഞ്ഞു. വിമാനം തകര്‍ന്നതാണെന്നറിയാന്‍ കുറച്ച് സമയമെടുത്തെന്നും അദ്ദേഹം ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. വിമാനത്തിന്റെ പിന്‍ഭാഗമാണ് കെട്ടിടത്തിലിടിച്ചത്. അവിടെ തീപ്പിടിച്ചിരുന്നില്ല. ഭിത്തികള്‍ തകരുകയും ഞങ്ങളുടെ സുഹൃത്തുക്കള്‍ അവശിഷ്ടങ്ങള്‍ക്കിടയിലാകുകയുമായിരുന്നു’, അദ്ദേഹം പറഞ്ഞു. അപകടത്തില്‍ കിഷാന്റെ സുഹൃത്ത് രാകേഷ് ദിഹോറയും മരിച്ചിരുന്നു. താനും രാകേഷും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാനിരുന്നതെന്നും താന്‍ വേഗം കഴിച്ചിറങ്ങിയെന്നും കിഷാന്‍ പറഞ്ഞു. വിമാനമിടിച്ച് തകര്‍ന്ന ഭിത്തിക്കും മേല്‍ക്കൂരയ്ക്കുമിടയില്‍ രാകേഷ് കുടുങ്ങുകയായിരുന്നു.

ആദ്യം വലിയ ശബ്ദമായിരുന്നു കേട്ടതെന്നും പിന്നാലെ സ്‌ഫോടനം നടക്കുകയും മുഴുവന്‍ സ്ഥലവും ഇരുട്ടാകുകയും എല്ലായിടത്തും തീപ്പിടിക്കുകയുമായിരുന്നുവെന്ന് അപകടത്തില്‍ പരിക്കേറ്റ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി ഹാര്‍ഷ് ചൊട്ടാലിയ പറഞ്ഞു. ‘എല്ലാ സ്ഥലവും കത്തുകയും എല്ലായിടത്തും ഇന്ധനത്തിന്റെ മണം പരക്കുകയും ചെയ്തു. മെസ്സിനകത്തെ എല്ലാവരും ഓടിത്തുടങ്ങി. അഞ്ച് മിനിറ്റ് നേരത്തേക്ക് ഞങ്ങള്‍ക്ക് ഒന്നും കാണാന്‍ സാധിച്ചില്ല. മെസ്സിലേക്ക് ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്ന് വീണു. മറ്റൊരു കെട്ടിടത്തില്‍ തീപ്പിടിച്ചു. അവിടെ നിന്ന് പറ്റുന്നിടത്തോളം ഓടി രക്ഷപ്പെടുകയായിരുന്നു’, അദ്ദേഹം പറഞ്ഞു.

മെസ്സിനുള്ളില്‍ കുടുങ്ങിയ പങ്കാളി സരലഭെന്‍ താക്കൂറിനെയും കൊച്ചു മകള്‍ ആരാധ്യയെയും തിരയുകയാണ് മെസ് നടത്തിപ്പുകാരനായ പ്രഹ്‌ളാദ് പ്രദാപ് താക്കൂര്‍. അപകടം നടക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് അടുത്തുള്ള ഡോക്ടര്‍മാര്‍ക്ക് ഭക്ഷണം നല്‍കാനിറങ്ങിയതിനാല്‍ പ്രഹ്‌ളാദ് അപകടത്തില്‍പ്പെട്ടില്ല. മെസ്സിലെ പാചകക്കാരി കൂടിയാണ് സരലഭെന്‍ താക്കൂര്‍. അപകടത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ ഉറ്റവരുണ്ടോയെന്ന് അറിയാന്‍ ഇയാള്‍ ഡിഎന്‍എ പരിശോധനയ്ക്ക് രക്തം നല്‍കിയിട്ടുണ്ട്.

അതേസമയം അപകടത്തില്‍ നാല് ഡോക്ടര്‍മാരും രണ്ട് കുടുംബാംഗങ്ങളും മരിച്ചതായി മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. മീനാക്ഷി പരിഖ് പറഞ്ഞു. ഹോസ്റ്റല്‍ മെസ്സിലെ ആറോ ഏഴോ സ്റ്റാഫുകളെ കാണാനില്ലെന്നും മീനാക്ഷി പറഞ്ഞു. വിമാനമിടിച്ചതിനെ തുടര്‍ന്ന് മേല്‍ക്കൂരയില്‍ നിന്നും ഭിത്തിയില്‍ നിന്നും വീണ അവശിഷ്ടങ്ങളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുകളേറ്റതെന്ന് അപകടസ്ഥലത്തെത്തിയ എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button